ഇസ്ലാമാബാദ്: ക്യാംപസിനകത്ത് വെച്ച് പരസ്യമായി പ്രണയാഭ്യർത്ഥന നടത്തി പരസ്പരം ആലിംഗനം ചെയ്ത വിദ്യാർത്ഥികളെ സർവകലാശാല പുറത്തിക്കിയ സംഭവം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാവുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് വിദ്യാർത്ഥികളെ ലാഹോർ സർവകലാശാല പുറത്താക്കിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്യാംപസിനകത്ത് വെച്ച് സഹപാഠിയായ ആൺകുട്ടിയോടെ വിദ്യാർത്ഥിനി പ്രണയാഭ്യർത്ഥന നടത്തിയത്.
റോസാ പുഷ്പങ്ങൾ നീട്ടി മുട്ടുകുത്തിനിന്നാണ് പെൺകുട്ടി സഹപാഠിയോട് പ്രണയാഭ്യർത്ഥന നടത്തിയത്. യുവാവ് പൂക്കൾ സ്വീകരിക്കുകയും പെൺകുട്ടിയെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. ചുറ്റും കൂടി നിന്ന വിദ്യാർത്ഥികൾ ഹർഷാരവം മുഴക്കി ഇവരെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഈ സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച വിദ്യാർത്ഥികളിൽ ഒരാളാണ് ഇത് പുറത്തുവിട്ടത്. പിന്നാലെ സംഭവം വൈറലാവുകയും ചെയ്തു.
എന്നാൽ, വീഡിയോ ശ്രദ്ധയിൽപ്പെട്ട സർവകലാശാല അച്ചടക്കസമിതി വിദ്യാർത്ഥികളോട് സമിതിക്ക് മുൻപാകെ ഹാജരാവാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ എത്തിയില്ല. തുടർന്ന് ക്യാംപസ് അച്ചടക്കത്തിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളെ പുറത്താക്കാൻ സമിതി തീരുമാനിക്കുകയായിരുന്നു.
ലാഹോർ ക്യാമ്പസിലോ അതിന്റെ സഹ കോളേജുകളിലോ പ്രവേശിക്കുന്നതിൽ നിന്നും ഇവർക്ക് വിലക്കുണ്ട്. അതേസമയം, ഇന്റർനെറ്റിൽ വിദ്യാർത്ഥികളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. സർവകലാശാല അധികൃതരുടെ നടപടി പരിഹാസ്യമാണെന്ന് മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകൾ ഭഖ്തവർ ഭൂട്ടോ വിമർശിച്ചു.
‘ഏത് നിയമം വേണമെങ്കിലും നടപ്പിലാക്കിക്കോളു. പക്ഷെ ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് പ്രണയത്തെ പുറത്താക്കാൻ നിങ്ങൾക്ക് സാധിക്കില്ല’ മുൻ ക്രിക്കറ്റ് താരം വസിം അക്രത്തിന്റെ ഭാര്യ ഷാനിയേറ അക്രം ട്വീറ്റ് ചെയ്തു.
Discussion about this post