ഡോടോമ: കൊവിഡിനെ നിസാരമായി കാണുകയും മാസ്‌ക് ധരിക്കല്‍ പോലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെ പുച്ഛിച്ച് തള്ളുകയും ചെയ്ത ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മഗുഫുളി കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. നില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യയിലെ രഹസ്യ കേന്ദ്രത്തില്‍ ചികിത്സയിലാണെന്നാണ് ലഭിക്കുന്ന വിവരം.
ടാന്‍സാനിയന്‍ പ്രതിപക്ഷ നേതാവ് ടുണ്ടു ലിസ്സുവാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്. കെനിയയിലെ നയ്റോബിയില്‍ ചികിത്സയിലായിരുന്ന പ്രസിഡന്റിനെ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മാറ്റിയതായി വിവരം കിട്ടിയതായാണ് പ്രതിപക്ഷ നേതാവ് അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ടാന്‍സാനിയയും ഇന്ത്യയും പ്രതികരിച്ചിട്ടില്ല.
‘ബുള്‍ഡോസര്‍’ എന്ന് അറിയപ്പെടുന്ന മഗുഫുളിയെ അവസാനമായി പൊതുവേദിയില്‍ കണ്ടത് ഫെബ്രുവരി 27 നാണ്. ഒരു പ്രമുഖ ആഫ്രിക്കന്‍ നേതാവ് നയ്റോബിയില്‍ ചികിത്സയിലാണെന്നും വെന്റിലേറ്ററിലാണെന്നും ചില രാഷ്ട്രീയ,നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് കെനിയന്‍ ദേശീയ മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കോവിഡിനെ തുടക്കം മുതല്‍ തന്നെ നിസാരമായി കണ്ട നേതാവാണ് മഗുഫുളി. പ്രാര്‍ഥനയും ആവിപിടിക്കല്‍ പോലുള്ള മാര്‍ഗങ്ങളും കൊണ്ട് ടാന്‍സാനിയക്കാര്‍ക്ക് കോവിഡിനെ അതിജീവിക്കാന്‍ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.