യാങ്കൂൺ: ”നിങ്ങൾ എന്റെ ജീവനെടുത്തോളൂ, അവരെ വെറുതെ വിടൂ…അവരെ നമ്മുടെ കുടുംബാംഗങ്ങളെപ്പോലെ കാണൂ”- പട്ടാളം ഭരണം അട്ടിമറിച്ച മ്യാൻമറിലെ തെരുവിൽ തോക്കിന് മുന്നിൽ മുട്ടുകുത്തി നിന്ന് വിലപിച്ച് കന്യാസ്ത്രീ. ലോകത്തിന്റെ തന്നെ കണ്ണീരാവുകയാണ് ആൻ റോസ് നു ത്വാങ് എന്ന കന്യാസ്ത്രീ തോക്കേന്തിയ പട്ടാളക്കാർക്ക് മുന്നിൽ നടത്തിയ വിലാപം. എന്നാൽ കന്യാസ്ത്രീയുടെ അപേക്ഷയ്ക്കും ഫലമുണ്ടായില്ല. അവരെ മടക്കി അയച്ച ശേഷം തോക്ക് കൊണ്ട് ചോര ചിന്തിച്ച് പട്ടാളം ജനാധിപത്യപ്രക്ഷോഭകരെ അടിച്ചമർത്തി.
മെയ്റ്റ്‌കെയ്‌ന നഗരത്തിൽ വെച്ചാണ് ആൻറോസ് പട്ടാളക്കാരോട് കരുണയ്ക്കായി അപേക്ഷിച്ചത്. ആക്രമണമുണ്ടാകില്ല എന്ന ഉറപ്പു ലഭിച്ചാൽ താൻ മടങ്ങാമെന്ന് ആൻറോസ് നിലപാടെടുക്കുകയായിരുന്നു. ഇതോടെ പിന്മാറേണ്ടി വരുമെന്ന് ഭയന്ന പട്ടാളം തന്ത്രം മാറ്റിപ്പിടിച്ചു. റോഡ് തടസ്സം ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും ആക്രമണം ഉണ്ടാകില്ലെന്നും വാക്ക് നൽകി ആന്റോസിനെ തിരിച്ചയച്ചു. പിന്നാലെ പ്രക്ഷോഭകർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. പ്രക്ഷോഭകാരികളിൽ പരിക്കേറ്റവർ സമീപത്തുള്ള ആൻറോസിന്റെ ക്ലിനിക്കിലാണ് പിന്നീട് അഭയം തേടിയതും.
മ്യാൻമറിൽ ജനാധിപത്യ സർക്കാരിനെ പട്ടാളം അട്ടിമറിച്ചതിൽ പ്രതിഷേധിച്ചുള്ള പ്രക്ഷോഭത്തിൽ ഇതുവരെ 60 പേരാണ് കൊല്ലപ്പെട്ടത്. ആൻസാങ് സ്യൂകി അടക്കം 1800 പേർ തടങ്കലിലാണ്.
കഴിഞ്ഞ ദിവസം പട്ടാളം കസ്റ്റഡിയിലെടുത്ത, നാഷനൽ ലീഗ് ഫോർ ഡമോക്രമസിയുടെ പ്രമുഖ നേതാവ് കൊല്ലപ്പെടുകയും ചെയ്തു. വാർത്തകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രാദേശിക ചാനലുകളുടെ ലൈസൻസ് റദ്ദാക്കി. അസോഷ്യേറ്റഡ് പ്രസിന്റെ ലേഖകൻ തെയ്ൻ സായെ തടങ്കലിലാക്കുകയും ചെയ്തിരിക്കുകയാണ്.