സിഡ്‌നി: മകളുടെ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ നിന്നും ഷൂലെയ്‌സെന്ന് കരുതി അമ്മഎടുത്തുവയ്ക്കാനൊരുങ്ങിയത് പാമ്പിനെ.
സിഡ്‌നിയിലാണ് സംഭവം. ആറ് വയസുകാരിയായ പോപ്പിയുടെ അമ്മ മെഗ് ആണ് മുറിക്കുള്ളില്‍ കടന്ന പാമ്പിനെ കണ്ടത്. മകളെ ഉറക്കുന്നതിനായി മുറിയിലെത്തിയപ്പോഴാണ് ചിതറിക്കിടന്ന കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഷൂലെയ്‌സ് കിടക്കുന്നതായി തോന്നിയത്. ശേഷം ലൈറ്റിട്ട് ഷൂലെയ്‌സ് എന്നു കരുതി എടുക്കാന്‍ തുടങ്ങിയപ്പോഴാണ് പാമ്പാണെന്ന് തിരിച്ചറിഞ്ഞത്.
പെട്ടെന്ന് ഭയന്ന് പിന്‍മാറിയെങ്കിലും പാമ്പിന്റെ ചിത്രം പകര്‍ത്തിയെടുത്ത ശേഷം അവര്‍ ചെറിയ കുപ്പിക്കുള്ളിലാക്കി പുറത്തെത്തിക്കുകയായിരുന്നു. അന്നേ ദിവസവും പോപ്പി ഈ മുറിയിലിരുന്നാണ് കളിച്ചതെന്നത് മെഗിനെ ഭയപ്പെടുത്തി.
ഓസ്‌ട്രേലിയയില്‍ സാധാരണയായി കാണപ്പെടുന്ന ഗോള്‍ഡണ്‍ ക്രൗണ്‍ഡ് സ്‌നേക്കായിരുന്നു. പാമ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ നെറ്റില്‍ നോക്കി മനസ്സിലാക്കിയ ശേഷമാണ് ഇവര്‍ പാമ്പിനെ പുറത്തുകൊണ്ടുപോയി സ്വതന്ത്രമാക്കിയത്. കൃത്യ സമയത്ത് മെഗ് പാമ്പിനെ കണ്ടതുകൊണ്ട് മറ്റ് അപകടങ്ങള്‍ ഒന്നും ഉണ്ടായില്ല.