മനില: തെരുവിൽ പാട്ട പെറുക്കി വിറ്റ് ജീവിതം മുന്നോട്ടുകൊണ്ടുപോയ റോമ്മെലിന് വിവാഹച്ചെലവ് ചിന്തിക്കാൻ സാധിക്കുന്നതിനും അപ്പുറമായിരുന്നു. പണ്ട് തൊട്ടേ മനസിൽ ആഗ്രഹിച്ചത് ആർഭാടപൂർണ്ണമായ, എല്ലാവരും ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു വിവാഹച്ചടങ്ങായിരുന്നു. എന്നാൽ ദാരിദ്രവും കഷ്ടപ്പാടും റോമ്മെലിനെ എല്ലാ സ്വപ്‌നങ്ങളേയും മറന്ന് ജീവിക്കാൻ നിർബന്ധിതനാക്കി. എന്നാൽ ഇപ്പോഴിതാ 55ാമത്തെ വയസിൽ ആഗ്രഹിച്ചതുപോലെ തന്നെ വെള്ള സ്യൂട്ട് ധരിച്ച് തന്റെ പ്രണയിനി റോസ്‌ലിന്റെ കൈപിടിച്ചിരിക്കുകയാണ് റോമ്മെൽ.
വിവാഹസമയത്ത് റോമ്മെൽ ബാസ്‌ക്കോയ്ക്ക് വയസ് അമ്പത്തിയഞ്ചും റോസ്‌ലിൻ ഫെറർക്ക് അമ്പതുമാണ് പ്രായം. വലിയ ആഘോഷത്തോടെ തന്നെയാണ് ഈ ദരിദ്ര ദമ്പതികൾ വിവാഹച്ചടങ്ങ് പൂർത്തിയാക്കിയത്. സാക്ഷികളായി ഇവരുടെ ആറ് മക്കളുമുണ്ടായിരുന്നു.
ദൈനംദിന ചെലവിന് തന്നെ ബുദ്ധിമുട്ടുന്ന ഈ ദമ്പതികൾ ഇത്രയേറെ ആഡംബരത്തോടെ എങ്ങനെയാണ് ഔദ്യോഗികമായി വിവാഹിതരായതെന്നാണ് എല്ലാവരുടേയും സംശയം. ഇരുപത്തിനാല് വർഷം ഫിലിപ്പീൻസിലെ തെരുവിൽ പാട്ട പെറുക്കി നടന്ന ഇവർക്ക് തങ്ങളുടെ വിവാഹ സ്വപ്‌നങ്ങൾ സഫലമാക്കാൻ സാധിച്ചത് ഹെയർ ഡ്രസ്സറായ റിച്ചാർഡ് സ്ട്രാൻഡ്‌സിന്റെ സഹായം കാരണമാണ്.
തെരുവിൽ അലഞ്ഞുള്ള ജീവിതത്തിനിടയ്ക്ക് ഔദ്യോഗികമായി ഒരു വിവാഹം എന്നത് ചിന്തിക്കുന്നതിനുമപ്പുറമായിരുന്നു ഈ ദമ്പതികൾക്ക്. എന്നാൽ, ഇവരുടെ ദുരിതജീവിതം അടുത്തറിഞ്ഞ സ്ട്രാൻഡ്‌സ് സഹായം വാഗ്ദാനം ചെയ്ത് ഓടിയെത്തുകയായിരുന്നു. സ്ട്രാൻഡ്‌സ് കൂട്ടുകാരുടെ സഹായത്തോടെയാണ് ഇവരുടെ വിവാഹം നടത്തിക്കൊടുത്തത്.
പഴയ പാട്ട പെറുക്കുന്നതിനിടെയാണ് റോമ്മെലും റോസ്‌ലിനും പരിചയപ്പെട്ടതും പ്രണയത്തിലായതും. ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയെങ്കിലും വിവാഹമെന്ന സ്വപ്‌നം ചെലവുകളെ കുറിച്ചുള്ള ഭയത്തെ തുടർന്ന് ഉള്ളിലൊതുക്കി കഴിയുകയായിരുന്നു ഇവർ. സ്ട്രാൻഡ്‌സ് സഹായവുമായി എത്തിയതോടെ ഉള്ളിൽ ഒളിപ്പിച്ച മോഹങ്ങൾ ഇവർ തുറന്നുപറയുകയും ഇവരുടെ ആഗ്രഹപ്രകാരം സ്ട്രാൻഡ്‌സ് വിവാഹത്തിനുള്ള ലൈസൻസ് സംഘടപ്പിക്കുകയും ഫോട്ടോഷൂട്ടിനുവേണ്ട ഒരുക്കങ്ങൾ നടത്തുകയും പള്ളിയിൽ വച്ചുള്ള വിവാഹത്തിനുള്ള പണം കണ്ടെത്തുകയും ചെയ്തു.
‘യഥാർഥ സ്‌നേഹം ആഘോഷിക്കപ്പെടേണ്ടതാണ്. നിങ്ങൾ പണക്കാരനാണോ പാവപ്പെട്ടവനാണോ എന്നതൊന്നും ഒരു വിഷയമല്ല’ -സ്ട്രാൻഡ്‌സ് പറയുന്നു. റോമ്മെൽ ഒരു വെള്ള സ്യൂട്ടും റോസ്‌ലിൻ ഒരു വെള്ള ഗൗൺ ധരിച്ചുമാണ് വിവാഹത്തിനെത്തിയത്. ഇത്തരമൊരു വിവാഹവേഷം ചെറുപ്പകാലം മുതലുള്ള തന്റെ മോഹമായിരുന്നു. പക്ഷെ, ഞങ്ങളുടെ പക്കൽ ഒട്ടും പണമുണ്ടായിരുന്നില്ല. എങ്ങനെയും ഭക്ഷണം കണ്ടെത്തുന്നതിൽ മാത്രമായിരുന്നു എന്നും ശ്രദ്ധ’-റോസ്‌ലിൻ പറയുന്നു.
Discussion about this post