ബീജിങ്: വിവാഹമോചനം നേടിയ ഭർത്താവ് ഭാര്യ വീട്ടിനുള്ളിൽ ചെയ്ത ജോലികൾക്കും പ്രതിഫലം നൽകണമെന്ന് കോടതി വിധി. ചൈനയിലെ ഒരു കോടതിയാണ് ശ്രദ്ധേയമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 50,000 യുവാൻ (5.57 ലക്ഷം രൂപ) ഭാര്യയ്ക്ക് നൽകണമെന്നാണ് വിധി. അഞ്ച് വർഷത്തെ വിവാഹജീവിതത്തിനിടെ ഭാര്യയാണ് കൂടുതൽ വീട്ടുജോലികൾ ചെയ്തതെന്നും ഇത് പ്രതിഫലമില്ലാത്ത ജോലിയാണെന്നുമുള്ള വാദം അംഗീകരിച്ചാണ് കോടതി വിധി.
തുടർന്ന് ബെയ്ജിങ്ങിലെ ഫാങ്ഷാൻ ജില്ല കോടതിയാണ് വാങ്ങിന് അനുകൂലമായി വിധിച്ചത്. പ്രതിമാസം 2000 യുവാൻ ജീവനാംശമായി നൽകാനും ഇതോടൊപ്പം 50,000 യുവാൻ വാങ് ചെയ്ത വീട്ടുജോലിയുടെ പ്രതിഫലമായി നൽകാനുമാണ് വിധി.ഈ വർഷം ചൈനയിൽ പ്രാബല്യത്തിൽ വന്ന പുതിയ സിവിൽ കോഡ് അനുസരിച്ചാണ് വിധി.
ചെൻ എന്ന യുവാവാണ് തന്റെ ഭാര്യയായ വാങ്ങിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിലെത്തിയത്. വീട്ടുജോലിക്കോ കുട്ടികളെ നോക്കുന്നതിലോ ഭർത്താവായ ചെൻ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ലെന്നും വിവാഹമോചനം നേടാനായി നിർബന്ധിക്കുകയാണെന്നുമായിരുന്നു വാങിന്റെ മൊഴി. ചെൻ വിവാഹമോചനത്തിന് നിർബന്ധിച്ചതോടെ മതിയായ നഷ്ടപരിഹാരം നൽകിയാൽ വിവാഹമോചനത്തിന് ഒരുക്കമാണെന്ന് വാങ് അറിയിക്കുകയായിരുന്നു. 2015ലായിരുന്നു ഇവരുടെ വിവാഹം.
ചൈനയിലെ പുതിയ നിയമപ്രകാരം, കുട്ടികളെ വളർത്തുന്നതിലും പ്രായമായ ബന്ധുക്കളെ പരിപാലിക്കുന്നതിലും പങ്കാളികളെ അവരുടെ ജോലിയിൽ സഹായിക്കുന്നതിലും കൂടുതൽ ഉത്തരവാദിത്തം വഹിക്കുന്ന ഒരു പങ്കാളിയ്ക്ക് വിവാഹമോചനത്തിൽ നഷ്ടപരിഹാരം തേടാനുള്ള അവകാശമുണ്ട്. അതേസമയം, ഈ വിധിയെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ വലിയ വാദപ്രതിവാദങ്ങൾ തുടരുകയാണ്.
Discussion about this post