സോഷ്യൽമീഡിയയിൽ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ് കൈകൾ പരസ്പരം ബന്ധിച്ച് വിലങ്ങ് അണിയിച്ച ഈ ദമ്പതികൾ. പരസ്പരമുള്ള സ്നേഹത്തിന്റേയും തങ്ങളുടെ പ്രണയത്തിന്റേയും ആഴമളക്കാനാണ് ഇരുവരും ഓരോ കൈകൾ വീതം കോർത്ത് പിടിച്ച് ബന്ധിപ്പിച്ചത്. മൂന്ന് മാസത്തേക്കാണ് ഈ പരീക്ഷണം. മൂന്നു മാസത്തിനിടെ അവർ വേർപിരിയാൻ തീരുമാനിച്ചാൽ അടിയന്തര സേവനങ്ങൾ നൽകുന്ന സ്പെഷ്യലിസ്റ്റുകൾക്ക് മാത്രമേ അവരെ വേർപെടുത്താൻ സാധിക്കൂ.
വാലന്റൈൻസ് ദിനത്തിലാണ് ഉക്രൈനിലെ കൈവിലെ യൂണിറ്റി ശില്പത്തിന് സമീപം അലക്സാണ്ടറും വിക്ടോറിയയും ഒരുമിച്ച് കൈകൾ ബന്ധിപ്പിച്ച് പ്രണയ പരീക്ഷണത്തിന് തയ്യാറെടുത്തത്. പരീക്ഷണത്തിന് മേൽനോട്ടം വഹിച്ചത് ഉക്രെയ്നിലെ നാഷണൽ രജിസ്റ്റർ ഓഫ് റെക്കോർഡിലെ വിറ്റാലി സോറിൻ ആണ്. അദ്ദേഹം ഇരുവരുടേയും മാനസികാരോഗ്യവും പരിശോധിച്ചാണ് പരീക്ഷണത്തിന് യെസ് മൂളിയത്.
അതേസമയം, തങ്ങളുടെ ലക്ഷ്യം പ്രണയം പരീക്ഷിച്ച് പുതിയ റെക്കോർഡിടുകയാണെന്ന് ദമ്പതികൾ പറയുന്നു. കൈകൾ ചങ്ങലയ്ക്ക് ബന്ധിപ്പിച്ചതിനാൽ വസ്തരം ധരിക്കാനും മറ്റും ബുദ്ധിമുട്ടായതിനാൽ മുകളിൽ നിന്ന് താഴെ വരെ സിപ്പുകൾ ഉള്ള വസ്ത്രങ്ങളാണ് ഇവർ പ്രത്യേകമായി പറഞ്ഞ് തയ്പ്പിച്ചെടുത്തിരിക്കുന്നത്.
കൈകൾ ബന്ധിച്ചതിന് ശേഷം ദമ്പതികൾ 325 മൈൽ ടാക്സി ഓടിച്ചു പോവുകയും ചെയ്തു. കൈകൾ മറ്റൊരാളുമായി ചങ്ങലയ്ക്കിടുമ്പോൾ ലോംഗ് ഡ്രൈവ് ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ഇതോടെ ഇരുവരും തിരിച്ചറിഞ്ഞു. ഇടയ്ക്ക് പൊതു ടോയ്ലറ്റ് ഉപയോഗിക്കേണ്ടി വന്നപ്പോഴും ഇരുവർക്കും നേരിയ ബുദ്ധിമുട്ടുണ്ടായി. അടുത്ത മൂന്ന് മാസം ഇവരുടെ ജീവിതം ഇത്തരത്തിൽ സ്വകാര്യതയില്ലാതെ പരസ്പരം കൂടിച്ചേർന്ന് തന്നെയായിരിക്കും.
ഉറങ്ങുമ്പോഴും പാചകം ചെയ്യുമ്പോഴും കുളിക്കുമ്പോൾ പോലും ഇരുവർക്കും ഒരുമിച്ച് തന്നെ നിൽക്കേണ്ടി വരും. ദമ്പതികളുടെ മറ്റൊരു വീഡിയോയിൽ ഇരുവരും ഷവറിൽ തിരിഞ്ഞ് നിന്ന് കുളിക്കുന്നതും മെഷീനിൽ വസ്ത്രങ്ങൾ കഴുകാൻ ഇടുന്നതും കാണാം.
Discussion about this post