ഇന്തൊനേഷ്യ: മൃഗശാല ജീവനക്കാരനെയും ഒട്ടകപ്പക്ഷിയെയും കുരങ്ങിനെയും
കൊന്ന് മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ബംഗാള്‍ കടുവകളില്‍ ഒന്നിനെ ജീവനോടെ പിടികൂടി.
ഇന്തൊനേഷ്യയിലെ ബോര്‍ണിയോ ദ്വീപിലെ സിന്‍ക മൃഗശാലയില്‍ നിന്നാണ് കടുവ
ചാടിപ്പോയത്. കനത്ത മഴയെ തുടര്‍ന്ന് കടുവകളെ പാര്‍പ്പിച്ചിരുന്ന വേലിക്കെട്ടില്‍ ഉണ്ടായ വിടവിലൂടെയാണ് രണ്ടു കടുവകള്‍ രക്ഷപ്പെട്ടത്.
18 മാസം പ്രായം വരുന്ന രണ്ടു പെണ്‍ കടുവകളാണ് പുറത്തു ചാടിയത്. രക്ഷപ്പെടുന്നതിനിടെ 47കാരനായ മൃഗശാല ജീവനക്കാരനെയും സമീപത്തുണ്ടായിരുന്ന ജീവികളെയും കടുവകള്‍ ആക്രമിച്ചു കൊന്നിരുന്നു.
ഇവയില്‍ ഒന്നിനെ കഴിഞ്ഞദിവസം വെടിവച്ചു കൊന്നിരുന്നു.
മയക്കുവെടിവച്ച് വീഴ്ത്താന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. ആക്രമണ സ്വഭാവത്തോടെ നിന്നതിനാല്‍ അതിനെ വെടിവെച്ച് വീഴ്ത്തുകയല്ലാതെ മറ്റു മാര്‍ഗം ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
കടുവകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 47 വയസ്സ് പ്രായംചെന്ന മൃഗശാല സൂക്ഷിപ്പുകാരന്റെ മൃതശരീരം കടുവകളെ പാര്‍പ്പിച്ചിരുന്ന വേലിക്കെട്ടിനു സമീപത്തുനിന്നുമാണ് കണ്ടെടുത്തത്. ഒട്ടകപ്പക്ഷി, കുരങ്ങ് എന്നിവയുടെ മൃതശരീരങ്ങളും സുരക്ഷാവേലിക്കു സമീപത്തുനിന്നും കണ്ടെത്തിയിരുന്നു.
മൃഗശാലയ്ക്ക് സമീപമുള്ള വനത്തില്‍ നിന്നുമാണ് ഇപ്പോള്‍ കടുവകളിലൊന്നിനെ പിടികൂടിയത്. കടുവയെ കണ്ട ഉടന്‍ തന്നെ മയക്കുവെടിവച്ച് വീഴ്ത്തുകയായിരുന്നു. കടുവകള്‍ പുറത്തുചാടിയതിനെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. മൃഗശാലയ്ക്ക് സമീപമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.