‘ലോകം എന്ത് പറയുമെന്ന് ഭയന്ന് എല്ലായ്പ്പോഴും ഞാന്‍ ഒളിപ്പിച്ചുവച്ച മറ്റൊരു ഞാന്‍ ഉണ്ടായിരുന്നു’ താന്‍ സ്ത്രീയായ വിവരം വെളിപ്പെടുത്തി കൊണ്ടായിരുന്നു മുന്‍ ഡബ്ല്യുഡബ്ല്യുഇ ഗുസ്തി താരം ഗാബി ടഫ്റ്റ്‌സ് ഇക്കാര്യം പറഞ്ഞത്. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രം സഹിതം ഗാബി ടഫ്റ്റ് ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
2009 മുതല്‍ 2012 വരെ റിംഗില്‍ സജീവമായിരുന്ന ഗാബി ‘ടൈലര്‍ റെക്സ്’ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 2014ല്‍ ഗുസ്തിയില്‍ നിന്ന് വിരമിച്ച ശേഷം ബോഡി ബില്‍ഡര്‍, ഫിറ്റ്നസ് പരിശീലകന്‍, മോട്ടിവേഷണല്‍ സ്പീക്കര്‍ എന്നിങ്ങനെ പല തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഏതായാലും തന്റെ പുതിയ വ്യക്തിത്വത്തെ കുടുംബമടക്കമുള്ള പ്രിയപ്പെട്ടവരെല്ലാം അംഗീകരിച്ചുകഴിഞ്ഞുവെന്ന് ഗാബി അറിയിച്ചു. സ്വത്വമാറ്റത്തിനായി എടുത്ത മാസങ്ങള്‍ ഏറെ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നെന്നും യഥാര്‍ത്ഥ വ്യക്തിത്വത്തെ വെളിപ്പെടുത്താന്‍ തീരുമാനമെടുത്ത ദിവസം മുതല്‍ താന്‍ സ്വതന്ത്രയായെന്നും ഗാബി കുറിക്കുന്നു.
ഗാബിയുടെ വാക്കുകളിലേയ്ക്ക്;
‘ലോകം എന്ത് പറയുമെന്ന് ഭയന്ന് എല്ലായ്പോഴും ഞാന്‍ ഒളിപ്പിച്ചുവച്ച മറ്റൊരു ഞാന്‍ ഉണ്ടായിരുന്നു. ഇനിയത് തുറന്നുപറയാന്‍ എനിക്ക് ഭയമില്ല. ഇപ്പോള്‍ ഞാനെന്താണ് എന്നതിനെ സ്നേഹിക്കാനും അംഗീകരിക്കാനും എനിക്ക് കഴിയുന്നുണ്ട്. കഴിഞ്ഞ എട്ട് മാസങ്ങള്‍ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ടതെന്ന് പറയാവുന്ന സമയമായിരുന്നു…
…സ്വത്വമാറ്റത്തിന്റെ സംഘര്‍ഷങ്ങള്‍ ഞാനേറെ അനുഭവിച്ചു. പക്ഷേ മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്ന ഭയം ഒരു ദിവസം ഞാനുപേക്ഷിച്ചു. അന്ന് മുതല്‍ ഞാന്‍ സ്വതന്ത്രയായി. എന്റെ സ്നേഹനിധിയായ ഭാര്യയും കുടുംബവും സുഹൃത്തുക്കളുമെല്ലാം എന്നെ അംഗീകരിക്കുന്നുണ്ട്. എനിക്കതിന് അവരോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്… …എല്ലാവരും എന്നെ മനസിലാക്കുമെന്ന് ഞാന്‍ കരുതുന്നില്ല. നിങ്ങളുടെ വിശ്വാസങ്ങളെ മാറ്റിമറിക്കുക എന്നത് എന്റെ ലക്ഷ്യവുമല്ല. പുറമെയുള്ള ഘടന മാത്രമാണ് മാറുന്നത്. ആത്മാവ് എപ്പോഴും ഒന്ന് തന്നെയാണ്. ഒരുപാട് ചോദ്യങ്ങളുയരുന്നുണ്ട്. എല്ലാത്തിനും എനിക്ക് മറുപടിയുണ്ട്….’