ലണ്ടൻ: ലോകത്ത് തന്നെ ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ എണ്ണം 4000ന് മുകളിലെന്ന് ബ്രിട്ടൻ. കോവിഡ് ബാധയ്ക്ക് കാരണമാകുന്ന ജനിതകമാറ്റം വന്ന 4000 വൈറസ് ലോകത്തുണ്ടെന്ന് ബ്രിട്ടനിലെ വാക്‌സിൻ വിതരണ മന്ത്രി നദിം സഹാവിയാണ് പ്രതികരിച്ചത്.
മന്ത്രിയുടെ പരാമർശം ബ്രിട്ടീഷ് മെഡിക്കൽ ജേണലിലെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. വാക്‌സിൻ നിർമ്മാതാക്കൾക്കുള്ള മുന്നറിയിപ്പായാണ് അദ്ദേഹത്തിന്റെ പരാമർശം. ലോകത്ത് ജനിതകഘടന വേർതിരിക്കുന്നതിൽ മുന്നിൽനിൽക്കുന്ന രാജ്യമാണ് തങ്ങളുടേതെന്നും അതിനാൽ രോഗവ്യാപനം മറികടക്കാൻ ആകുമെന്നും നദിം പറഞ്ഞു.
വാക്‌സിനുകളുടെ കാര്യക്ഷമത വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ വാക്‌സിൻ കമ്പനികൾ സ്വീകരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വാക്‌സിനുകൾ ഏതു ജനിതകമാറ്റത്തെയും നേരിടാൻ തയ്യാറാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വകഭേദം വന്ന ആയിരക്കണക്കിന് വൈറസുകളുണ്ടെങ്കിലും വളരെ കുറച്ച് എണ്ണം മാത്രമാണ് അപകടകാരികളെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post