തെരഞ്ഞെടുപ്പിന് പിന്നാലെ ആങ് സാൻ സ്യൂകിയും പ്രസിഡന്റും ഭരണകക്ഷി നേതാക്കളും തടങ്കലിൽ; വീണ്ടും മ്യാൻമറിൽ സൈനിക അട്ടിമറി?

aung-san-suu-kyi

റങ്കൂൺ: പട്ടാള അട്ടിമറിയെ തുടർന്ന് ഏറെകാലം അരക്ഷിതാവസ്ഥയിലായിരുന്ന മ്യാൻമർ വീണ്ടും അതേപാതയിലെന്ന് സൂചന. മ്യാൻമാറിൽ വീണ്ടും സൈനിക അട്ടിമറി നടന്നെന്ന് ഭരണകക്ഷിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) പ്രതികരിച്ചു. ആങ് സാൻ സ്യൂകിയും പ്രസിഡന്റ് വിൻ മിന്റും ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾ തടങ്കലിലാണെന്നാണ് റിപ്പോർട്ടുകൾ. പ്രധാന ഭരണകക്ഷി നേതാക്കളെയെല്ലാം തടങ്കലിലാക്കിയിട്ടുണ്ട്. തലസ്ഥാനമായ നൈപിതോയിൽ ടെലിഫോൺ ഇന്റർനെറ്റ് സേവനങ്ങളും വിച്ഛേദിച്ചിട്ടുണ്ട്. പ്രധാന നഗരമായ യാങ്കൂണിലും മൊബൈൽ സേവനം തടസപ്പെട്ടതായാണ് വിവരം.

ഇന്ന് പുലർച്ചെയോടെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ നാളെ അധികാരം ഏറ്റെടുക്കാനിരിക്കെയാണ് സൈനിക നടപടി. രാജ്യത്ത് ഔദ്യോഗിക ടിവി, റേഡിയോ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. മ്യാൻമാറിൽ എന്ത് സംഭവിക്കുന്നു എന്നത് സംബന്ധിച്ച് പുറംലോകത്തിന് വ്യക്തമായ ധാരണയില്ലാത്ത അവസ്ഥയാണ്. പ്രധാന നഗരങ്ങളെല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലായി.

നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ എൻഎൽഡി വൻ ഭൂരിപക്ഷം നേടിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷപാർട്ടി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്നും തെരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്നുമായിരുന്നു സൈന്യത്തിന്റെ നിലപാട്.

എന്നാൽ അട്ടിമറി സംബന്ധിച്ച് സ്ഥിരീകരണം മ്യാൻമാർ സർക്കാരിന്റെ ഭാഗത്ത് നിന്ന് വന്നിട്ടില്ല. ആങ് സാൻ സ്യൂകിയെ അധികാരത്തിൽ നിന്നകറ്റിനിർത്തി സൈന്യത്തിന് വ്യക്തമായ അധികാരം നൽകുന്ന തീതിയിലാണ് മ്യാൻമാറിന്റെ നിലവിലെ ഭരണഘടനയുള്ളത്. 25 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുമുണ്ട്. എന്നാൽ അധികാരത്തിൽ എത്തിയാൽ ഭരണഘടനാ ഭേദഗതി വരുത്തുമെന്നത് അടക്കമുള്ള നടപടികൾ പ്രസിഡന്റ് വിൻ മിന്റ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

Exit mobile version