വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഔദ്യോഗിക ടീമില്‍ ഇരുപതോളം ഇന്ത്യന്‍വംശജരെന്ന് റിപ്പോര്‍ട്ട്. ഇതിന് പുറമെ, 13 സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. ആദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ടീമില്‍ ഇത്രയും ഇന്ത്യന്‍ വംശജരുള്‍പ്പെടുന്നത്. അതേസമയം ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ടിയിരുന്ന ചില ഡെമൊക്രാറ്റ് അംഗങ്ങളെ ഒഴിവാക്കുകയും ചെയ്തു.
ആര്‍എസ്എസ്, ബിജെപി ബന്ധം ഉള്ള ഡെമോക്രാറ്റ് അംഗങ്ങളെയാണ് ബൈഡന്റെ ടീം നോമിനേഷന്‍ ലിസ്റ്റില്‍ നിന്നും നിന്നും പുറത്താക്കിയിരിക്കുന്നത്. സൊനാല്‍ ഷാ, അമിത് ജാനി എന്നിവര്‍ ഇതിലുള്‍പ്പെടുന്നു. ബൈഡന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ ഉണ്ടായിരുന്നവരാണ് ഇരുവരും. ഒപ്പം ഒബാമ സര്‍ക്കാരിന്റെ ഭരണകാലത്തും ഒബാമയുടെ ടീമില്‍ ഇവര്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ സംഘപരിവാര്‍ ബന്ധം വെച്ച് പുറത്താക്കുകയായിരുന്നു.
സോനാല്‍ ഷായുടെ പിതാവ് ‘ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി-യുഎസ്എ’ എന്ന ഹിന്ദുത്വ സംഘടനയുടെ പ്രസിഡന്റും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ‘ഏകല്‍ വിദ്യാലയ’ സ്ഥാപകനുമാണ്. ഈ സംഘടനയ്ക്ക് വേണ്ടി സോനല്‍ ഷാ ധനസമാഹരണം നടത്തിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമിത് ജാനിയുടെ ഇന്ത്യയിലുള്ള കുടുംബത്തിന് ബിജെപി നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Discussion about this post