കാലിഫോര്‍ണിയ: കൊവിഡ് ബാധിക്കുമെന്ന ഭയത്താല്‍ വീട്ടില്‍ പോവാതെ 33കാരന് എയര്‍പോട്ടില്‍ ഒളിച്ചിരുന്നത് മൂന്ന് മാസം. കാലിഫോര്‍ണിയയില്‍ നിന്നുള്ള ആദിത്യ ഉദയ് സിംഗാണ് ചിക്കാഗോയിലെ ഒഹാരൊ എയര്‍പോര്‍ട്ട് അധികൃതരുടെ കണ്ണുവെട്ടിച്ച് മൂന്ന് മാസക്കാലം ഒളിച്ചിരുന്നത്. ഒടുവില്‍ ഇയാള്‍ പോലീസിന്റെ പിടിയിലാവുകയായിരുന്നു. സെക്യൂരിറ്റി മേഖലകളില്‍ കടന്നു കയറിയെന്നാരോപിച്ചാണ് അറസ്റ്റ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19 നാണ് ഇയാള്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. പിന്നീട് ഇവിടത്തെ സെക്യൂരിറ്റി സോണില്‍ ഒളിച്ചു കഴിയുകയായിരുന്നു. എയര്‍പോര്‍ട്ടിലെ ഒരു ഓപ്പറേഷന് മാനേജരുടെ ഐഡി കാര്‍ഡ് കൈവശപ്പെടുത്തിയാണ് ആദിത്യ എയര്‍പോട്ടില്‍ നാളിത്രയും പിടിച്ചുനിന്നത്. ഐഡി കാര്‍ഡ് ഒക്ടോബര്‍ മാസം മുതല്‍ കാണാനില്ലായിരുന്നെന്നാണ് ഈ ഓപ്പറേഷന് മാനേജര്‍ പറയുന്നത്. ശേഷം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
ചിക്കാഗോ ട്രിബ്യൂണിന്റെ റിപ്പോര്‍ട്ട് പ്രകാരം കൊവിഡ് മൂലം വീട്ടില്‍ പോവാന്‍ ഭയമായിരുന്നതിനാലാണ് വീട്ടില്‍ പോവാഞ്ഞതെന്നാണ് ഉദയ് സിംഗ് പറയുന്നു. എങ്ങനെയാണ് മൂന്ന് മാസം ജീവനക്കാരനല്ലാത്ത ഒരാള്‍ക്ക് എയര്‍പോര്‍ട്ടില്‍ ഒളിച്ചു കഴിയാനായതെന്ന് ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചു. ക്രിമിനന്‍ പശ്ചാത്തലമൊന്നുമില്ലാത്ത ഉദയ് സിംഗിന് കോടതി ഒടുവില്‍ ജാമ്യം അനുവദിക്കുകയായിരുന്നു.
Discussion about this post