വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കവേ പ്രസിഡന്റിനെ അമേരിക്കന്‍ ജനതയും കൈവിട്ടു. ക്യാപിറ്റോള്‍ ആക്രമണത്തിന് പിന്നാലെ
അമേരിക്കയിലെ ഭൂരിഭാഗം പേരും ട്രംപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.് രംഗത്തെത്തിയിരിക്കുകയാണ്.
ട്രംപിനെ ഇനിയൊരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും അനുവദിക്കരുതെന്നാണ് ജനങ്ങളില്‍ പലരും ആവശ്യപ്പെടുന്നത്. ഏറ്റവും പുതിയതായി പുറത്തുവന്ന മൂന്ന് അഭിപ്രായ സര്‍വേ ഫലങ്ങളിലാണ് ട്രംപിനെ പുറത്താക്കുന്നതിനെ അനുകൂലിച്ച് ജനങ്ങള്‍ രംഗത്തെത്തിയത്.
ഇതിലെ ആദ്യ സര്‍വേയില്‍ മഹാഭൂരിപക്ഷം പേരും ക്യാപിറ്റോള്‍ ആക്രമണത്തെ അതിശക്തമായി വിമര്‍ശിച്ചു. പ്യൂ റിസര്‍ച്ച് സെന്ററും വാഷിംഗ്ടണ്‍ പോസ്റ്റ് – എ.ബി.സി ന്യൂസും റോയിട്ടേഴ്സും നടത്തിയ സര്‍വേ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ട്രംപിനെ അംഗീകരിക്കുന്നവരുടെ എണ്ണം ഏറ്റവും കുറഞ്ഞ നിലയിലാണെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നു. 29 ശതമാനം പേര്‍ മാത്രമാണ് ട്രംപിനെ ചെറിയ തോതിലെങ്കിലും അനുകൂലിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 89 ശതമാനം വരുന്ന മുതിര്‍ന്നവരും ക്യാപിറ്റോള്‍ ആക്രമണത്തെ പരസ്യമായി തന്നെ എതിര്‍ക്കുന്നവരാണ്.
ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം യു.എസ് ജനപ്രതിനിധി സഭയില്‍ പാസാക്കിയിരുന്നു. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സഭയില്‍ 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു.
ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും. ജനുവരി പതിനൊന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ യു.എസ് ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചത്.
കലാപത്തിന് പ്രേരണ നല്‍കിയെന്നാണ് പ്രമേയത്തില്‍ പറഞ്ഞത്.തെരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചതായുള്ള നിരന്തര വാദവും ജനുവരി ആറിന് തന്റെ അനുയായികള്‍ക്ക് മുന്നില്‍ നടത്തിയ പ്രസംഗവും പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു.