എന്തും ചോദിക്കാം, ഉത്തരം ലഭിക്കും.. അതെ ഇന്റര്‍നെറ്റ് ലോകത്തെ ഭീമന്‍ ഗൂഗിള്‍ തന്നെ. പക്ഷേ ഗൂഗിള്‍ വിവാദങ്ങള്‍ക്ക് മറുപടി പറയേണ്ടത് ഗൂഗിളിന്റെ മേലധികാരിയായിരിക്കും. അങ്ങനെയൊരു വിവാദത്തിന് വളരെ വിശദമായി മറുപടി പറഞ്ഞു ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ. അമേരിക്കന്‍ സെനറ്റര്‍മാര്‍ വിളിച്ചു വരുത്തി ചോദിച്ച ചോദ്യങ്ങള്‍ക്കാണ് സുന്ദര്‍ പിച്ചെ വിശദമായ മറുപടി നല്‍കിയത്.
ഗൂഗിളില്‍ ‘വിഡ്ഢി’ എന്ന് തിരഞ്ഞാല്‍ വരുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം. ഇതിന്റെ കാരണമായിരുന്നു സെനറ്റര്‍മാര്‍ക്ക് അറിയേണ്ടിയിരുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നനെത്ത് സെനറ്റര്‍മാര്‍ ചോദിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗം സോ ലോഫ്ഗ്രെനാണ് ഈ ചോദ്യം ഉന്നയിച്ചത്. ഈ ചോദ്യത്തിന് തികച്ചും സാങ്കേതിക വിശദീകരണമാണ് സുന്ദര്‍ പിച്ചെ നല്‍കിയത്. പ്രസക്തി, ജനപ്രീതി, തിരയല്‍ പദം എന്നിവ ഉള്‍പ്പെടെ ഏതാണ്ട് 200 ഘടകങ്ങള്‍ കണക്കിലെടുത്തുള്ള ഗൂഗിള്‍ അല്‍ഗോരിതമാണ് ഉത്തരം നല്‍കുന്നതെന്നും ഇതില്‍ വേറൊരു തരത്തിലുള്ള ഇടപെടലും നടക്കുന്നില്ലെന്നും പിച്ചെ മറുപടി നല്‍കി. എന്നാല്‍ ഇത് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ വിശ്വാസത്തിലെടുക്കാന്‍ തയ്യാറായില്ല.
ഗൂഗിള്‍ ജീവനക്കാര്‍ രാഷ്ട്രീയ കാരണങ്ങളാല്‍ തെരച്ചില്‍ ഫലങ്ങളില്‍ ഇടപെടുന്നെന്ന സെനറ്റര്‍മാരുടെ ആരോപണങ്ങള്‍ക്കെതിരെ പിച്ചെ വിശദീകരണം നല്‍കി. തിരയല്‍ ഫലങ്ങളെ കൈകാര്യം ചെയ്യാന്‍ ജീവനക്കാരോട് നിര്‍ദേശിച്ചിരുന്നോ എന്ന് ലാമാര്‍ സ്മിത്ത് എന്ന അംഗം പിച്ചെയോട് ചോദിച്ചു. ഒരു വ്യക്തിക്കോ അതല്ലെങ്കില്‍ ഒരു കൂട്ടം ആളുകള്‍ക്കു വേണ്ടിയോ ഇത് ചെയ്യാന്‍ സാധിക്കില്ലെന്നും ഗൂഗിള്‍ ഫലം തരുന്നത് പല ഘട്ടങ്ങളിലൂടെയാണെന്നും പിച്ചെ വിശദീകരിച്ചു. എന്നാല്‍ സ്മിത്ത് ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഗൂഗിള്‍ തിരച്ചില്‍ പ്രക്രിയയെ കൃത്രിമമായി കൈകാര്യം ചെയ്യാന്‍ മനുഷ്യര്‍ക്ക് കഴിയുമെന്ന് കരുതുന്നതായി സ്മിത്ത് അഭിപ്രായപ്പെട്ടു. അടിസ്ഥാനപരമായി മനുഷ്യനുണ്ടാക്കിയ പ്രക്രിയയാണെന്നും സ്മിത്ത് വ്യക്തമാക്കി.
റിപ്പബ്ലിക്കന്‍ ആരോഗ്യ സംരക്ഷണ ബില്‍ അല്ലെങ്കില്‍ ജി.ഒ.പി നികുതി വെട്ടിപ്പ് എന്നിവയെപ്പറ്റി തിരയുമ്പോള്‍ അതിന്റെ നെഗറ്റീവ് ഫലങ്ങള്‍ ആണ് ആദ്യം കാണിക്കുന്നത് എന്നായിരുന്നു മറ്റൊരു ആരോപണം. ഗൂഗിള്‍ എങ്ങനെയാണ് ഇത് കാണുന്നത്? അത് അല്‍ഗൊരിതം മാത്രമാണോ, അതോ അവിടെ വേറെ വല്ലതും കൂടുതല്‍ നടക്കുന്നുണ്ടോ?- സ്റ്റീവ് ചബോട്ട് എന്ന അംഗം ചോദിച്ചു.
നെഗറ്റീവ് വാര്‍ത്തകള്‍ കാണുന്നതിന്റെ നിരാശ ഞാന്‍ മനസ്സിലാക്കുന്നു. എനിക്കും അത് അറിയാം. ഞാന്‍ അത് എന്നില്‍ കാണുന്നു. ഇവിടെ പ്രധാനപ്പെട്ടത് എന്താണെന്നാല്‍ എന്ത് വിഷയത്തിലും ഏത് സമയത്തും ഫലം ലഭ്യമാക്കാന്‍ ഞങ്ങള്‍ ശക്തമായ രീതി ഉപയോഗിക്കുന്നു. സാധ്യമായതില്‍ ഏറ്റവും മെച്ചപ്പെട്ടത് നല്‍കുന്നത് ഉറപ്പുവരുത്താനുള്ള ഞങ്ങളുടെ താത്പര്യമാണിത്. ഞങ്ങളുടെ അല്‍ഗോരിതത്തിന് രാഷ്ട്രീയ വികാരമില്ല -പിച്ചെ പറഞ്ഞു.
CONGRESS: "When I type in the word 'idiot' images of Donald Trump appear."
GOOGLE: "Yeah, we told you it works." #GoogleHearing pic.twitter.com/SMofyukcdd
— Mrs. Betty Bowers (@BettyBowers) December 11, 2018