വാഷിങ്ടൺ: സെൻട്രൽ ക്യാപിറ്റോൾ ആക്രമിച്ച് വരെ അധികാരം പിടിച്ചെടുക്കാൻ നോക്കിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇനിയൊരിക്കലും മത്സരിക്കാൻ പോലുമാകാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള തീരുമാനം അന്തിമഘട്ടത്തോട് അടുത്തു. ജനപ്രതിനിധിസഭയിൽ നടന്ന വോട്ടടെടുപ്പിൽ ഇംപീച്ച്‌മെന്റ് പ്രമേയം പാസായി. 197നെതിരെ 232 വോട്ടുകൾക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്.
അതേസമയം, ഡമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള സഭയിൽ 10 റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തതും ശ്രദ്ധേയമായി. ജനപ്രതിനിധി സഭയിൽ ഇംപീച്ച്‌മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും. സെനറ്റിൽ മൂന്നിൽരണ്ടു ഭൂരിപക്ഷം ലഭിച്ചാൽ ട്രംപിനെതിരേ കുറ്റം ചുമത്താം. 100 അംഗ സെനറ്റിൽ 50 ഡെമോക്രാറ്റിക് അംഗങ്ങൾക്കുപുറമേ 17 റിപ്പബ്ലിക്ക് അംഗങ്ങൾ കൂടി പിന്തുണച്ചാലേ ഇംപീച്ച്‌മെന്റ് നടപ്പാകൂ.
എന്നാൽ, ജനുവരി 20ന് മുൻപ് വിചാരണ നടപടികൾ സെനറ്റ് ആരംഭിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. 20നാണ് ജോ ബൈഡൻ സ്ഥാനമേൽക്കുന്നത്. ഇംപീച്‌മെന്റ് നടപടി പൂർത്തിയായാൽ ട്രംപിന് ഇനിയൊരിക്കലും മൽസരിക്കാനാവില്ല. മാത്രമല്ല, പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങളും ലഭിക്കില്ല.
യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് നേരെ കഴിഞ്ഞ ആഴ്ച ട്രംപ് അനുകൂലികൾ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിച്ചത്. ഇതോടെ രണ്ട് തവണ ഇംപീച്ച്‌മെന്റ് നേരിടുന്ന ആദ്യ യുഎസ് പ്രസിഡന്റെന്ന നാണക്കേടും ട്രംപ് ചുമക്കുകയാണ്. നേരത്തെ, 2019ൽ ട്രംപിനെതിരേ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നപ്പോൾ റിപബ്ലിക്കൻ പാർട്ടിയിലെ ഒരംഗം പോലും പിന്തുണച്ചിരുന്നില്ല.
ട്രംപിനെ പുറത്താക്കാൻ 25ാം ഭേദഗതി പ്രയോഗിക്കാൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് വിസമ്മതിച്ചതിനു പിന്നാലെ ജനപ്രതിനിധിസഭയിൽ ഇംപീച്ച്‌മെന്റ് നടപടികൾ തുടങ്ങിയത്. അധികാരമൊഴിയാൻ ദിവസങ്ങൾമാത്രം ശേഷിക്കേ രാഷ്ട്രീയം കളിക്കാനുള്ള ജനപ്രതിനിധി സഭയുടെ ശ്രമങ്ങൾക്കൊപ്പം നിൽക്കില്ലെന്നായിരുന്നു മൈക്ക് പെൻസിന്റെ വിശദീകരണം. വർഷങ്ങളായി തനിക്കെതിരേ നടക്കുന്ന വേട്ടയാടലിന്റെ തുടർച്ചയാണ് ഇംപീച്ച്‌മെന്റ് തട്ടിപ്പെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.