സിഡ്നി: പ്രായമായാല്‍ അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരിക്കണമെന്ന പതിവ് പല്ലവി കാലം വളരുന്നതിനനുസരിച്ച് വളരുന്നില്ല. പക്ഷേ തീരുമാനം നമ്മുടെ കൈവെള്ളയ്ക്കുള്ളിലെന്ന് തെളിയിച്ച് 102കാരിയായ ഐറിന് ഓ ഷീ എന്ന അമ്മൂമ്മ. പ്രായമായി എന്നു പറഞ്ഞ് ചുരുണ്ടിരിക്കാന്‍ അല്ല ആകാശത്ത് പാറി പറക്കാനാണ് ഐറിന് അമ്മൂമ്മയ്ക്ക് ഇഷ്ടം. സിഡ്നിയില്‍ നിന്നുമാണ് ഈ വ്യത്യസ്ത കാഴ്ച.
ചെറുപ്പക്കാര്‍ വരെ ഒന്ന് പേടിക്കുന്ന സാഹസിക ആകാശയാത്ര പൂര്‍ത്തിയാക്കിയിരിക്കുകയാണ് 102കാരിയായ ഒരമ്മൂമ്മ. അമ്മൂമ്മ ഇതാദ്യമായല്ല വാര്‍ത്തകളില്‍ നിറയുന്നത്. തന്റെ നൂറാം പിറന്നാള്‍ ഐറിന് ആഘോഷിച്ചതും ഇതുപോലൊരു സാഹസിക ആകാശയാത്ര നടത്തിക്കൊണ്ടായിരുന്നു. അതായിരുന്നു ഇവരുടെ ആദ്യ സ്കൈ ഡൈവിംഗ്. ഇതിന് ശേഷം കാത്തുകാത്തിരുന്നാണ് ഇപ്പോള്‍ 2 വര്‍ഷത്തിന് ശേഷം വീണ്ടും ആകാശയാത്ര നടത്തിയിരിക്കുന്നത്.
‘നല്ല യാത്രയായിരുന്നു, കാലാവസ്ഥയൊക്കെ വളരെ നല്ലതായിരുന്നു. അല്പം തണുപ്പുണ്ടായിരുന്നുവെന്ന് മാത്രം’-യാത്രയ്ക്ക് ശേഷവും ഐറിന് അമ്മൂമ്മ കൂളായി പറയുന്നു. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തില്‍ 14,000 അടി ഉയരത്തിലായിരുന്നു ഡൈവിംഗ്. വെറുതെ ഒരു രസത്തിന് മാത്രമല്ല ഐറിന് ഈ സാഹസികതയ്ക്ക് മുതിര്‍ന്നത്. ‘മോട്ടോര്‍ ന്യൂറോണ്‍’ രോഗികള്‍ക്കായി സഹായധനം കണ്ടെത്തുകയെന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു ഈ ഉദ്യമത്തിന് പിന്നില്‍. 10 വര്‍ഷം മുമ്പ് ഐറിന്റെ മകള്‍ ഇതേ രോഗം ബാധിച്ച് മരിച്ചിരുന്നു.
Discussion about this post