രാജ്യാന്തര തലത്തിൽ തന്നെ ചർച്ചയായി ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകൻ ജാക്ക് മായുടെ അപ്രത്യക്ഷമാകൽ. ചൈനീസ് ഭരണകൂടവുമായി ഇടഞ്ഞശേഷം അദ്ദേഹത്തിനെതിരെ അന്വേഷണ നടപടികളുൾപ്പടെയുള്ളവയുമായി ചൈനീസ് സർക്കാർ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ കാണാതായ വാർത്ത പ്രചരിക്കുന്നത്. ഇ കൊമേഴ്സ് രംഗത്തെ ഭീമനായ ആലിബാബ ഗ്രൂപ്പിന്റെ ഉടമയായ ജാക്ക് മാ ഏഷ്യയിലെ തന്നെ മുൻനിരയിലുള്ള ശതകോടീശ്വരനാണ്, എന്നാൽ കഴിഞ്ഞ രണ്ട് മാസമായി ജാക്ക് മാ പൊതുവേദികളിൽ നിന്നെല്ലാം അപ്രത്യക്ഷനാണ്. ജാക് മായെ ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്തോ എന്നാണ് ഉയരുന്ന സംശയം. രണ്ടുമാസമായി ജാക്ക് മായെ കാണാതായതോടെ ചൈനീസ് ഭരണകൂടം അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായുള്ള അഭ്യൂഹം പരക്കുകയാണ്. ഇദ്ദേഹം വീട്ടുതടങ്കലിലാകാമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ജാക്ക് മായെ കാണാനില്ലെന്ന വാർത്ത ലോകമാധ്യമങ്ങളിൽ ചർച്ചയായതോടെ അദ്ദേഹം നിരീക്ഷണത്തിലാണെന്നു മാത്രമാണ് ചൈനീസ് സർക്കാർ വെളിപ്പെടുത്തിയത്. ഒക്ടോബറിൽ ഒരു പൊതുപരിപാടിയിൽ മാ ചൈനീസ് സർക്കാരിനെ വിമർശിച്ചതിനു പിന്നാലെയാണ് ആലിബാബയ്ക്കെതിരേ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടത്. ചൈനീസ് റെഗുലേറ്റർമാർ സമയം നഷ്ടപ്പെടുത്തുന്നെന്നും നവീന ആശയങ്ങളെ നിരുത്സാഹപ്പെടുത്തുന്നെന്നുമായിരുന്നു വിമർശനം.
മായുടെ സ്വന്തം ടാലന്റ് ഷോയായ ‘ആഫ്രിക്കാസ് ബിസിനസ് ഹീറോസ്’ ന്റെ അവസാന എപ്പിസോഡിൽ ജഡ്ജായി അദ്ദേഹം എത്തിയിരുന്നില്ല. പകരം ആലിബാബയുടെ മറ്റൊരു പ്രതിനിധിയാണ് പങ്കെടുത്തത്. ആലിബാബയുടെ വെബ്സൈറ്റിൽ നിന്ന് മായുടെ ചിത്രവും നീക്കുകയും ചെയ്തു. ഇതോടെയാണ് സംശയം വർധിച്ചത്.
Discussion about this post