40 കോടിയുടെ ഭാഗ്യശാലിയെ കണ്ടെത്തി; കോടിപതി കോഴിക്കോട് സ്വദേശി അബ്ദുല്‍ സലാം, സമൂഹ വിവാഹം നടത്തുമെന്ന് അബ്ദുസ്സലാം

അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റില്‍ 40 കോടി രൂപ സമ്മാനം നേടിയ മലയാളിയെ മസ്‌ക്കത്തില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി എന്‍വി അബ്ദുല്‍സലാ (28)മാണ് ആ കോടിപതി. അബ്ദുല്‍സലാം ഡിസംബര്‍ 29ന് ഓണ്‍ലൈനിലൂടെ എടുത്ത 323601 നമ്പര്‍ കൂപ്പണിനാണ് സമ്മാനം ലഭിച്ചത്.

ഇന്നലെ വൈകിട്ടായിരുന്നു ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പ്. തുടര്‍ന്ന് സന്തോഷ വിവരം അധികൃതര്‍ അബ്ദുല്‍സലാമിനെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ഡ് ഓഫായിരുന്നു. ഇമെയിലിന് മറുപടിയും ലഭിച്ചില്ല. തുടര്‍ന്ന് ഭാഗ്യശാലിയെ കണ്ടെത്താന്‍ മലയാളി സമൂഹത്തിന്റെ മാധ്യമങ്ങളുടെയും സഹായം തേടുകയും ചെയ്തു.

അബ്ദുല്‍ സലാം ടിക്കറ്റ് എടുത്തപ്പോള്‍ നല്‍കിയ നമ്പറില്‍ ഇന്ത്യയില്‍ നിന്നുള്ള കോഡായ 91 ആണ് ചേര്‍ത്തിരുന്നത്. ഇതാണ് ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാതിരുന്നത്. മാധ്യങ്ങളില്‍ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഒരു സുഹൃത്താണ് അബ്ദുല്‍ സലാമിനെ പിന്നീട് ഇക്കാര്യമറിയച്ചത്.

കഴിഞ്ഞ 6 വര്‍ഷമായി മസ്‌കത്തില്‍ സ്വന്തമായി കട നടത്തുന്ന അബ്ദുസ്സലാം അഞ്ചാംതവണയാണ് ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്നത്. സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അബ്ദുള്‍ സലാം.
സുഹൃത്തുക്കളോടൊപ്പമായിരുന്നു അബ്ദുള്‍ സലാം ടിക്കറ്റെടുത്തത്. അവരുമായി സമ്മാനത്തുക പങ്കുവെക്കുമെന്ന് അബ്ദുള്‍ സലാം പറഞ്ഞു.

കൂടാതെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കായി സമൂഹ വിവാഹം നടത്താന്‍ ആഗ്രഹിക്കുന്നതായും അബ്ദുള്‍ സലാം പറഞ്ഞു.

Exit mobile version