ജനീവ: ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 വൈറസ് ഇന്ന് ലോകമൊന്നടങ്കം കീഴടക്കിയിരിക്കുകയാണ്. കോടിക്കണക്കിനാളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. ലക്ഷങ്ങള്‍ മരിച്ചുവീഴുകയും ചെയ്തു. വൈറസിന് ഒരു വര്‍ഷം തികയുമ്പോഴും ഇതിനെ പിടിച്ചുകെട്ടാന്‍ മരുന്നില്ലാതെ നെട്ടോട്ടമോടുകയാണ് രാജ്യങ്ങള്‍.
അതിനിടെ കോവിഡ് -19 ന്റെ ഉറവിടം അന്വേഷിക്കാന്‍ ശാസ്ത്രജ്ഞര്‍ അടുത്ത മാസം ചൈനീസ് നഗരമായ വുഹാനില്‍ എത്തും. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് സ്വതന്ത്ര അന്വേഷണത്തിനായി ഡബ്ല്യുഎച്ച്ഒയെ ചൈന അനുവദിച്ചത്.
10ഓളം ശാസ്ത്രജ്ഞരാണ് എത്തുക. വുഹാനിലെ മൃഗങ്ങളെ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ നിന്നാണ് കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതെന്നാണ് കരുതുന്നത്. രോഗകാരണത്തിന്റെ ഉദ്ഭവം കണ്ടെത്തി രാജ്യത്തെ കുറ്റപ്പെടുത്താനല്ല, മറിച്ച് ഭാവിയില്‍ ഇത്തരം വൈറസുകള്‍ പൊട്ടിപ്പുറപ്പെടുന്നത് തടയാനാണ് അന്വേഷണം നടത്തുന്നതെന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു.
ഏതെങ്കിലും രാജ്യത്തെ കുറ്റപ്പെടുത്താനല്ല. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കുകയും ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കി ഭാവിയില്‍ അപകടസാധ്യത കുറയ്ക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. നാലോ അഞ്ചോ ആഴ്ച നീളുന്ന പരിശോധനയാവും ഡബ്ല്യുഎച്ച്ഒ സംഘം വുഹാനില്‍ നടത്തുക.
Discussion about this post