ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ മുംബൈയിലെ 26/11 ആക്രമണത്തിന്റെ സൂത്രധാരൻ സാക്കിയുർ റഹ്മാൻ ലഖ്‌വിക്ക് പ്രതിമാസ ചെലവിനായി 1.5 ലക്ഷം പാകിസ്താൻ രൂപ നൽകാൻ പാകിസ്താന് യുഎൻ രക്ഷാകൗൺസിൽ ഉപരോധ സമിതി അനുമതി നൽകി. അതേസമയം, യുഎന്നിന്റെ നടപടി ഇന്ത്യയ്ക്കു വലിയ തിരിച്ചടിയായി. ഭക്ഷണത്തിന് 50,000 രൂപ, മരുന്നിന് 45,000 രൂപ, മറ്റ് ആവശ്യങ്ങൾക്ക് 20,000 രൂപ, അഭിഭാഷകഫീസ് 20,000 രൂപ ഗതാഗതത്തിന് 15,000 രൂപ എന്ന നിരക്കിലാണ് ലഖ്‌വിക്കു സഹായം നൽകേണ്ടത്.
പാകിസ്താനിലെ ഇമ്രാൻ ഖാൻ സർക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് യുഎൻ അനുമതി നൽകിയിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിനുശേഷം യുഎൻ സമിതി ഭീകരപട്ടിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ലഖ്‌വി 2015 മുതൽ ജാമ്യത്തിലാണ്. റാവൽപിണ്ടിയിലെ ജയിലിൽ കഴിയുമ്പോൾ ലഖ്‌വി ഒരു കുഞ്ഞിന്റെ പിതാവായതോടെ ലഖ്‌വിയുടെ ജയിൽവാസം തട്ടിപ്പാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.
നേരത്തെ, മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കറെ ത്വയ്ബ നേതാവുമായ ഹാഫിസ് സയീദിന് അടിസ്ഥാന ആവശ്യങ്ങൾക്കു ബാങ്ക് അക്കൗണ്ടിൽനിന്നു പണം ഉപയോഗിക്കാൻ യുഎൻ സമിതി 2019 ഓഗസ്റ്റിൽ അനുമതി നൽകിയിരുന്നു.
ലഖ്‌വിക്ക് ഒപ്പം ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള ആണവശാസ്ത്രജ്ഞനായ മഹമൂദ് സുൽത്താൻ ബാഷിറുദ്ദീനു മാസച്ചെലവിനു പണം നൽകാനും യുഎൻ സമിതി അനുമതി നൽകിയിട്ടുണ്ട്. യുഎൻ പട്ടികയിലുള്ള ഉമ്മാ തമീർ ഇ നൗ എന്ന സംഘടനയുടെ സ്ഥാപകനാണ് മഹമൂദ്. പാക് ആണവോർജ കമ്മീഷനിൽ പ്രവർത്തിച്ചുള്ള മഹമൂദ് അഫ്ഗാനിസ്ഥാനിൽ ഉസാമ ബിൻ ലാദനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ലോകവ്യാപാര കേന്ദ്രത്തിനു നേരെ ആക്രമണമുണ്ടായതിനുശേഷം മഹമൂദിന് അമേരിക്കയും യുഎന്നും ഉപരോധം ഏർപ്പെടുത്തിയിരുന്നു. നിലവിൽ പാകിസ്താനിൽ സ്വതന്ത്രനായി ജീവിക്കുകയാണ് മഹമ്മൂദ്.
Discussion about this post