മാധ്യമ പ്രവര്‍ത്തകയെയും ഡ്രൈവറെയും വെടിവെച്ച് കൊന്നു, ഞെട്ടിക്കുന്ന സംഭവം അഫ്ഗാനിസ്ഥാനില്‍ , ഈ വര്‍ഷം മാത്രം കൊല്ലപ്പെട്ടത് പത്തോളം മാധ്യമപ്രവര്‍ത്തകര്‍

കാബൂള്‍: മാധ്യമ പ്രവര്‍ത്തകയെയും ഡ്രൈവറെയും വെടിവെച്ച് കൊലപ്പെടുത്തി. അഫ്ഗാനിസ്ഥാനിലാണ് സംഭവം. എനികാസ് ടിവിയിലെ റിപ്പോര്‍ട്ടറായ മലാലായി മായിവാന്ദും ഡ്രൈവര്‍ മുഹമ്മദ് താഹിറുമാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

കിഴക്കന്‍ നംഗര്‍ഹര്‍ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലാബാദില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകയും ഡ്രൈവറും വെടിയേറ്റ് മരിച്ചത്. തെക്കേ ഹേല്‍മന്ദിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഏല്യാസ് ദായീയെ കാര്‍ ബോംബ് ഉപയോഗിച്ച് കൊലപ്പെടുത്തി ഒരു മാസം പിന്നിടുമ്പോഴാണ് മറ്റൊരു മാധ്യമ പ്രവര്‍ത്തകയ്ക്ക് കൂടി ജീവന്‍ നഷ്ടപ്പെടുന്നത്.

ഈ വര്‍ഷം മാത്രം അഫ്ഗാനിസ്ഥാനില്‍ പത്തോളം മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ച് വന്നിരുന്ന സാമൂഹ്യ പ്രവര്‍ത്തക കൂടിയായിരുന്നു മലാലായ്. സംഭവത്തില്‍ അഫ്ഗാന്‍ ഇന്‍ഡിപെന്‍ഡന്റ് ജേണലിസ്റ്റ് അസോസിയേഷന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

കൊലപാതകത്തില്‍ അഫ്ഗാന്‍ സുരക്ഷാ ഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തണമെന്നും അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്‍ ഉത്തരവാദിത്വം നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

Exit mobile version