ക്രൈസ്റ്റ്ചർച്ച്: ലോകമനസാക്ഷിയെ തന്നെ നടുക്കിയ ന്യൂസിലാൻഡിൽ നടന്ന ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണ കേസിലെ പ്രതി കുറ്റകൃത്യത്തിന് മുമ്പ് ഇന്ത്യയിലും തങ്ങിയതായി റിപ്പോർട്ട്. പ്രതി അക്രമണത്തിന് മുമ്പ് ഇന്ത്യയിൽ മൂന്ന് മാസം താമസിച്ചതായാണ് റിപ്പോർട്ട്. 2019 മാർച്ച് പതിനഞ്ചിനാണ് ക്രൈസ്റ്റ് ചർച്ചിലെ രണ്ട് പള്ളികളിലായി ഇയാൽ വെടിവെപ്പ് നടത്തി അഞ്ച് ഇന്ത്യക്കാർ ഉൾപ്പടെ 51 പേരെ കൊലപ്പെടുത്തിയത്.
ആക്രമണത്തിൽ അന്വേഷണം നടത്തിയ റോയൽ കമ്മീഷന്റെ അന്വേഷണ റിപ്പോർട്ടിലാണ് കേസിലെ പ്രതിയായ ബ്രെന്റൺ ടാരന്റ് മൂന്ന് മാസം ഇന്ത്യയിൽ തങ്ങിയിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. അക്രമണത്തിന് മുമ്പ് 2014 ഏപ്രിൽ 15 മുതൽ 2017 ഓഗസ്റ്റ് 17 വരെ ടാരന്റ് ഉത്തരകൊറിയ ഒഴികെയുള്ള വിവിധ ലോകരാജ്യങ്ങളിൽ ിയാൾ തനിച്ച് സഞ്ചരിച്ചിട്ടുണ്ടെന്നും 792 പേജുള്ള അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ കാലം തങ്ങിയത് ഇന്ത്യയിലാണ്.
2015 നവംബർ 21 മുതൽ 2016 ഫെബ്രുവരി 18 വരെ ഇന്ത്യയിൽ താമസിച്ചു. ഇയാൾ ഇന്ത്യയിൽ എന്തിനാണ് തങ്ങിയത് എന്നതിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും റിപ്പോർട്ടിലില്ല. ചൈന, ജപ്പാൻ, റഷ്യ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ ഒരുമാസമോ അതിൽ കൂടുതലോ പ്രതി തങ്ങിയിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. യാത്രകൾക്കിടയിൽ ഇയാൾ ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പുകളെ കണ്ടതിനോ പരിശീലനം നടത്തിയതിനോ തെളിവുകളില്ലെന്ന് ന്യൂസിലൻഡ് ഹെറാൾഡിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഓസ്ട്രേലിയയിൽ ജനിച്ച ബ്രെന്റൺ ടാരന്റ് ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 2012 വരെ ജിം പരിശീലകനായിരുന്നു. പിന്നീട് ജോലിക്ക് പോയിട്ടില്ല. പിതാവ് നൽകിയ പണം ബാങ്കിൽ നിക്ഷേപിച്ച് അതിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചായിരുന്നു ഇയാളുടെ ജീവിതം.
Discussion about this post