വാഷിങ്ടണ്‍: കോവിഡ് ഭീതിയില്‍ കഴിയുകയാണ് ലോജനത. വൈറസിനെ പിടിച്ചുകെട്ടാന്‍ പ്രതിരോധ മരുന്നിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. അതിനിടെ സന്തോഷമേകുന്ന വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യസംഘടനാമേധാവി ടെഡ്രോസ് അഥനോം.
കൊവിഡ് മഹാമാരിയ്ക്കെതിരായ വാക്സിന് പരീക്ഷണങ്ങള്‍ വളരെവേഗത്തില്‍ പുരോഗതി കൈവരിക്കുകയാണെന്നും അതിനാല്‍ ലോകത്തിന് ഇപ്പോള്‍ മുതല്‍ മഹാമാരി അവസാനിക്കുന്നതിനെക്കുറിച്ച് സ്വപ്നം കണ്ടുതുടങ്ങാമെന്നും ലോകാരോഗ്യസംഘടന തലവന്‍ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ ആദ്യ ഹൈ ലെവല്‍ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ കോവിഡ് വാക്സിനെത്തുമ്പോള്‍ സമ്പന്ന രാജ്യങ്ങള്‍ ദരിദ്രരാഷ്ട്രങ്ങളെ ചവുട്ടിതാഴ്ത്തരുതെന്ന് ലോകാരോഗ്യസംഘടനാമേധാവി ടെഡ്രോസ് അഥനോം പറഞ്ഞു.
മഹാമാരി മനുഷ്യത്വത്തിന്റെ ഏറ്റവും നല്ലതും ഏറ്റവും മോശവുമായ വശങ്ങള് കാണിച്ചുതന്നുവെന്ന് വിശദീകരിച്ചുകൊണ്ടാണ് ടെഡ്രോസ് അഥനോം തന്റെ സംസാരം ആരംഭിച്ചത്. ആത്മത്യാഗത്തിന്റെ ഏറ്റവും ഉന്നതമായ മാതൃകകളും ഐക്യത്തിന്റെ മികച്ച സന്ദേശവും ഇക്കാലയളവില്‍ നമ്മള് കണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം തന്നെ പരസ്പരം കുറ്റപ്പെടുത്തലിന്റേയും സ്വാര്‍ഥതയുടേയും ഏറെ അസ്വസ്ഥതതപ്പെടുത്തുന്ന കാഴ്ച്ചകളും തന്റെ ശ്രദ്ധയില്‍പ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. വൈറസിനെ എന്നന്നേക്കുമായി നമ്മുക്ക് നശിപ്പിക്കാനാകുമെന്നും പക്ഷേ അതിലേക്കുള്ള മാര്‍ഗ്ഗം അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
സ്വകാര്യസ്വത്തായി കാണാതെ വാക്സിന് എല്ലാവര്ക്കും വിതരണം ചെയ്യാന്‍ മനസ് കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് വ്യാപനഘട്ടത്തിലെ പ്രതിസന്ധിമറികടന്ന് സാമ്പത്തികരംഗത്തെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി രാജ്യങ്ങള്‍ മുന്നോട്ടുപോകണമെന്നും അഥനോം കൂട്ടിച്ചേര്‍ത്തു.
Discussion about this post