ബെയ്ജിങ്: ചന്ദ്രനില്‍ നിന്നും പാറക്കല്ലുകളും മറ്റും ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്നതിനായി ചൈന വിക്ഷേപിച്ച ചാങ്ങ് ഇ 5 പേടകം ചന്ദ്രോപരിതലത്തില്‍ ദേശീയ പതാകനാട്ടി. ഇതോടെ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി അമേരിക്കയ്ക്ക് ശേഷം ചന്ദ്രനില്‍ കൊടിനാട്ടുന്ന ആദ്യ രാജ്യമായി ചൈന. നേരത്തെ രണ്ടു തവണ ചന്ദ്രനില്‍ കൊടിനാട്ടാന്‍ ചൈന ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.
1969ലാണ് അമേരിക്ക ചന്ദ്രോപരിതലത്തില്‍ ദേശീയ പതാകനാട്ടി ചരിത്രം കുറിച്ചത്. അപ്പോളോ-11 ദൗത്യത്തിലായിരുന്നു ഇത്. തുടര്‍ന്നുള്ള ദൗത്യങ്ങളിലായി അഞ്ചു തവണ കൂടി അമേരിക്ക ചന്ദ്രനില്‍ പല ഭാഗങ്ങളിലായി പതാക നാട്ടിയിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് ചാങ്ങ് ഇ 5 പേടകം വിജയകരമായി ചന്ദ്രനില്‍ ഇറങ്ങിയത്. ചന്ദ്രനില്‍ 19 മണിക്കൂര്‍ നേരം ചെലവിട്ട പേടകം കല്ലുകളും മറ്റ് പദാര്‍ത്ഥങ്ങളുമാണ് ശേഖരിച്ചത്. ഇവ പേടകത്തിലെ പ്രത്യേക അറയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ചന്ദ്രോപരിതലത്തിലെ 100 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ നിന്നായിരുന്നു സാമ്പിള്‍ ശേഖരണം. റോബോട്ടിക് കൈകള്‍ ഉപയോഗിച്ച് ചന്ദ്രേപരിതലത്തിലെ പാറ തുരന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ശേഖരിച്ച സാമ്പിളുകള്‍ ഭൂമിയിലേക്ക് തിരികെ പ്രവേശിക്കുന്നതിനിടെ ബാഹ്യാന്തരീക്ഷത്തിന്റെ സ്വാധീനമേല്‍ക്കാത്തവിധം വായുസഞ്ചാരമില്ലാത്ത അറയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചതിന് ശേഷം ചാങ് ഇ 5 പേടകം വ്യാഴാഴ്ച ഭൂമിയിലേക്ക് തിരിച്ചതായി ചൈനീസ് ബഹിരാകാശ ഏജന്‍സി അറിയിച്ചു. ഡിസംബര്‍ 16-17 തീയതികളില്‍ ചാങ്അ-5 ഭൂമിയില്‍ തിരികെ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വിവിധ ഘടകങ്ങളെ അനുസരിച്ച് ഇതില്‍ മാറ്റമുണ്ടായേക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. മംഗോളിയ മേഖലയില്‍ പേടകത്തെ തിരികെയിറക്കാനാണ് ചൈന ലക്ഷ്യമിടുന്നത്.
പേടകം വിജയകരമായി ഭൂമിയില്‍ എത്തിച്ചേര്‍ന്നാല്‍ കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി ചന്ദ്രോപരിതലത്തില്‍ നിന്ന് പാറയും മണ്ണും ശേഖരിക്കുന്ന ആദ്യ രാജ്യമായി ചൈന മാറും. നേരത്തെ 1960കളിലും 1970കളിലുമായി അമേരിക്കയും സോവിയറ്റ് യൂണിയനും മാത്രമാണ് ഈ ദൗത്യം വിജയകരമായി പൂര്‍ത്തികരിച്ചിട്ടുള്ളത്.
Discussion about this post