മോസ്കോ: ഫൈസര്‍ കൊവിഡ് വാക്സിന് ഉപയോഗിക്കാന്‍ ബ്രിട്ടന് അനുമതി നല്‍കിയതിന് പിന്നാലെ സ്പുട്നിക് 5 വാക്സിനേഷനൊരുങ്ങി റഷ്യയും. റഷ്യ നിര്‍മ്മിച്ച കൊവിഡ് വാക്സിനാണ് സ്പുട്നിക് 5.
വാക്സിന്റെ ഉപയോഗം അടുത്തയാഴ്ച മുതല്‍ ആരംഭിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇത് സംബന്ധിച്ച നിര്‍ദേശം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്കി. 92 ശതമാനം വിജയമാണ് റഷ്യ അവകാശപ്പെടുന്നത്.
അതേസമയം രണ്ട് ദശലക്ഷം വാക്സിനുകളാണ് അടുത്ത ദിവസങ്ങളില്‍ റഷ്യ ഉത്പാദിപ്പിക്കാന്‍ പോകുന്നത് എന്നാണ് പുടിന്റെ വാദം. റഷ്യന്‍ പൗരന്മാര്ക്ക് വാക്സിന് സൗജന്യമായി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തന്നെ വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളുമായി റഷ്യ ചര്‍ച്ച നടത്തിവരുന്നതായും റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ബ്രിട്ടന് ഫൈസര്‍ വാക്സിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. ഇതോടെ കൊവിഡ് വാക്സിന് അനുമതി നല്കുന്ന ആദ്യ രാജ്യമായി ബ്രിട്ടന് മാറി. ഫൈസര്‍ വാക്സിന് കൊവിഡില്‍ നിന്ന് 95 ശതമാനം സംരക്ഷണം നല്‍കുന്നുവെന്നാണ് ബ്രിട്ടന്റെ മെഡിസിന് റെഗുലേറ്ററായ എംഎച്ച്ആര്‍എയുടെ വിലയിരുത്തല്‍. പത്ത് ദിവസത്തിനുള്ളില്‍ ഫൈസര്‍/ബയോടെക് വാക്സിന് ബ്രിട്ടനില്‍ വിതരണത്തിനു എത്തിക്കുമെന്നാണ് ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Discussion about this post