ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് ആരോപണം. അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്വിയ്ക്ക് എതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ലിയോപോള്‍ഡോ ലുക്വിയുടെ വീട്ടിലും ആശുപത്രിയിലും പോലീസ് പരിശോധന നടത്തി. സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുക്കുകയും ചെയ്തു. ഡോക്ടറുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി മറഡോണയുടെ കുടുംബവും അഭിഭാഷകനുമാണ് ആരോപിച്ച് രംഗത്തെത്തിയത്.
മറഡോണയ്ക്ക് ശരിയായ വിധത്തില്‍ ചികിത്സയും മരുന്നും ലഭ്യമായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ പെണ്‍മക്കള്‍ ആരോപിക്കുന്നു. മാറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മോര്‍ള ആവശ്യപ്പെട്ട് രംഗത്തെത്തി.
ഹൃദസ്തംഭനം ഉണ്ടായ സമയത്ത് ആദ്യത്തെ ആംബുലന്‍സ് മറഡോണയുടെ വസതിയില്‍ എത്തിച്ചേരാന്‍ അരമണിക്കൂറിലധികം സമയമെടുത്തതായി അദ്ദേഹം ആരോപിച്ചു. നബംബര്‍ 25ന് ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണ് മറഡോണ അന്തരിച്ചത്.