ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവാര്‍ത്ത ഞെട്ടലോടെയും വേദനയോടെയുമാണ് ലോകം കേട്ടത്. മറഡോണയുടെ മരണത്തോടെ വിവാദങ്ങളും തലപൊക്കിയിരിക്കുകയാണിപ്പോള്‍. മറഡോണയുടെ മക്കള്‍ തമ്മില്‍ സ്വത്തുതര്‍ക്കം ഉയര്‍ന്നെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
നിയമപരമായി അംഗീകരിച്ച അഞ്ച് മക്കളും അതല്ലാതുള്ള മറ്റ് ആറുപേരും തമ്മില്‍ തമ്മില്‍ സ്വത്തം തര്‍ക്കം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മറഡോണയുടെ മക്കള്‍ എന്ന് അവകാശവാദം ഉന്നയിക്കുന്നവരുടെ എണ്ണം പതിനൊന്ന് ആയിരുന്നു.
മുന്‍ഭാര്യയായ ക്ലോഡിയ വില്ലാഫെനെ, ദീര്‍ഘകാലം ഒരുമിച്ചു കഴിഞ്ഞ വെറോണിക്ക ഒജേഡ എന്നിവര്‍ ഉള്‍പ്പടെ നാല് വ്യത്യസ്ത സ്ത്രീകളില്‍ ജനിച്ച രണ്ട് പുത്രന്മാരേയും മൂന്ന് പുത്രിമാരേയും മറഡോണ അംഗീകരിച്ചിരുന്നു. അതിനു ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് 23 വയസ്സുള്ള ഒരു അര്‍ജന്റീനിയന്‍ യുവതി നിശബ്ദത ഭേദിച്ച് പുറത്തുവന്നത്.
പിതൃത്വം തെളിയിക്കാന്‍ ഡി എന്‍ എ ടെസ്റ്റുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് തയ്യാറാകണമെന്ന് മറഡോണയോട് ആവശ്യപ്പെട്ടു. തന്നെ ഉപേക്ഷിച്ചു പോയ അമ്മ, 2019 ലാണ് പിന്നീട് താനുമായി ബന്ധപ്പെടുന്നതെന്നും അപ്പോഴാണ് തന്റെ പിതാവ് ആരെന്ന് വെളിപ്പെടുത്തിയത് എന്നുമായിരുന്നു ആ യുവതി പറഞ്ഞത്.
മഗാലി തന്റെ അവകാശവാദവുമായി എത്തുന്നതിന് ഒരു മാസം മുന്‍പ് അര്‍ജന്റീനയിലെ ലാ പ്ലാറ്റ നഗരത്തിലെ സാന്റിയഗോ ലാറ എന്ന ഒരു യുവാവും മറഡോണ തന്റെ പിതാവാണെന്ന് ആരോപിച്ച് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ക്യുബയില്‍ എത്തിയ സമയത്താണ് മറഡോണ അവിടെയുള്ള മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത്.
2000 ല്‍ ആയിരുന്നു ഇത്. പിന്നീട് ഫിഡല്‍ കാസ്ട്രോയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ മറഡോണ ക്യുബയില്‍ എത്തിയപ്പോള്‍ ഈ മൂന്ന് മക്കളും വന്ന് മറഡോണയെ കണ്ടിരുന്നതായി മറഡോണയുടെ അഭിഭാഷകന് പറഞ്ഞു. ഒരു ഇറ്റാലിയന്‍ മോഡലുമായുള്ള അവിഹിതത്തില്‍ ജനിച്ച മകന് ഡീഗോ ജൂനിയറിനേയും മറ്റൊരു മകളായ ക്രിസ്റ്റിന സിനാഗ്രയേയും മറഡോണ അംഗീകരിച്ചത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ്.
തന്റെ മുന്‍ ഭാര്യയില്‍ മറഡോണയ്ക്ക് 32 ഉം 30 വയസ്സുള്ള രണ്ട് പെണ്മക്കളുണ്ട്. കൂടാതെ മുന്‍ കാമുകിയായ വെറോണിക്ക ഒജേഡയില്‍ ഏഴുവയസ്സുകാരനായ ഒരു മകനും. മറ്റൊരു കൗമാരക്കാരന്റെ മാതാവ് ഒരു ഹോട്ടലില്‍ വെയ്ട്രസ് ആയിരുന്നു.
അവര്‍ തന്റെ ഇരുപത്തിമൂന്നാം വയസ്സില്‍ അര്‍ബുദം ബാധിച്ച് മരിച്ചതോടെ, അവരുടെ കാമുകനായിരുന്നു ലാറയെ വളര്‍ത്തിയിരുന്നത്. മറഡോണയുമായുള്ള രൂപ സാദൃശ്യമാണ് ഇക്കാര്യത്തിന് ഏറ്റവും വലിയ തെളിവായി ഇയാള്‍ പറയുന്നത്.
ഒരു ഡി എന്‍ എ പരിശോധനക്ക് ശ്രമിച്ചെങ്കിലും അത് നടത്താനായില്ല എന്നും ഈ കൗമാരക്കാരന് പറഞ്ഞു.
രക്തപരിശോധനയില്‍ പിതൃത്വം തെളിയിച്ചാല്‍ ലാറയുടെ പിതൃത്വം മറഡോണ ഏറ്റെടുക്കുമെന്ന് മറഡോണയുടെ വക്കീല്‍ മാസങ്ങള്‍ക്ക് മുന്‍പ് വ്യക്തമാക്കിയിരുന്നു.
Discussion about this post