ലണ്ടൻ: തീവ്രവാദികളെ പോലും നേരിട്ട് രക്ഷകനായി തീർന്ന് മിലിട്ടറി നായയ്ക്ക് ധീരതയ്ക്കുളള മൃഗങ്ങളുടെ വിക്ടോറിയ ക്രോസ് പുരസ്കാരം സമ്മാനിച്ചു. നാലു വയസ്സുളള മിലിട്ടറി നായ കുനോയാണ് അവാർഡിന് അർഹത നേടിയത്. നേരത്തെ കുനോയുടെ ധീരതയും ജോലിയോടുളള പ്രതിബദ്ധതയും കണക്കിലെടുത്ത് പിഎസ്ഡിഎ ഡിക്കിൻ മെഡലും കുനോയ്ക്ക് സമ്മാനിച്ചിരുന്നു.
ബെൽജിയൽ ഷെപ്പേഡ് മലിനോയ്സ് വിഭാഗത്തിലെ നായയാണ് കുനോ. കഴിഞ്ഞ വർഷമാണ് തോക്കുധാരിയായ അൽ ഖ്വയ്ദ കലാപകാരിയെ കുനോ നേരിട്ടത്. ഇയാളെ പോലീസിന് കീഴടക്കാൻ സാധിച്ചതും കുനോയുടെ ചെറുത്തുനിൽപ്പ് കാരണമായിരുന്നു. എന്നാൽ, പോരാട്ടത്തിനിടയിൽ നായയുടെ പിൻകാലുകളിൽ നിരവധി ബുളളറ്റ് തുളച്ചു കയറി മുറിവുകളേറ്റിരുന്നു. തുടർന്ന് അടിയന്തര ചികിത്സ നൽകുകയും പരിക്ക് ഗുരുതരമായതോടെ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
പിൻകാലുകളിൽ ഒരു പാദത്തിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അത് മുറിച്ചുമാറ്റേണ്ടിയും വന്നു. സജീവ കൃത്യനിർവഹണത്തിൽനിന്ന് പിന്മാറിയ ശേഷവും കൃത്രിമ കാൽ ഘടിപ്പിച്ചും സേവനം തുടരുന്നുണ്ട് കുനോ. ഇത്തരത്തിൽ ജോലി ചെയ്യുന്ന ആദ്യ നായയാണ് കുനോ.
‘കുനോ ഒരു യഥാർഥ ഹീറോയാണ്. ദൗത്യ ദിവസം കുനോ ചെയ്ത പ്രവൃത്തി ദൗത്യത്തിന്റെ ഗതിയെ മാറ്റിമറിച്ചു. അതുവഴി ഒന്നിലധികം ജീവനുകളാണ് കുനോ രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റിട്ടും കുനോ കടമ നിർവഹിച്ചു.’ പിഎസ്ഡിഎ ഡയറക്ടർ ജനറൽ ജോൺ മക് ലോഗ്ലിൻ കുനോയെ കുറിച്ച് വാചാലനാകുന്നു.
Discussion about this post