വാഷിങ്ടൺ: തുടർഭരണമില്ലെന്ന് ഉറപ്പായതോടെ അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ചെയ്ത് തീർക്കേണ്ട കടമകളിൽ നിന്നും ഒളിച്ചോടി ഡൊണാൾഡ് ട്രംപ്. ട്രംപ് പ്രസിഡന്റെന്ന നിലയിൽ പങ്കെടുക്കേണ്ട അവസാന ജി20 ഉച്ചകോടി ഒഴിവാക്കി ഗോൾഫ് കളിക്കാൻ പോയതായി റിപ്പോർട്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ ഇക്കാര്യം വലിയ ചർച്ചയാവുകയാണ്.
കൊവിഡ് കാലമായതിനാൽ വെർച്വലായി നടക്കുന്ന പ്രത്യേക ഉച്ചകോടിയിൽ പങ്കെടുക്കാതെയാണ് ട്രംപ് ഗോൾഫ് കളിക്കാനായി പോയത്. ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന സമ്മളേനത്തിൽ ട്രംപ് പങ്കെടുക്കുമെന്നാണ് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സമ്മേളനം നടക്കുന്ന സമയത്ത് ട്രംപിനെ ഗോൾഫ് ക്ലബ്ബിൽ കണ്ടതോടെയാണ് അദ്ദേഹം സമ്മേളത്തിൽ പങ്കെടുത്തില്ലെന്ന കാര്യം വ്യക്തമായത്. സ്റ്റെർലിങ്ങിലുള്ള ട്രംപ് നാഷണൽ ഗോൾഫ് ക്ലബ്ബിൽ ട്രംപ് കളിക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു.
ഓണ്ഡലൈനിൽ നടക്കുന്ന സമ്മേളനത്തിൽ സൗദി അറേബ്യയിലെ സൽമാൻ രാജാവാണ് അധ്യക്ഷത വഹിക്കുന്നത്. അമേരിക്ക ഒഴികെയുള്ള രാജ്യങ്ങളിലെ തലവന്മാർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം, ട്രംപി ഇതുവരെ അംഗീകരിച്ചില്ലെങ്കിലും 270 ഇലക്ടറൽ വോട്ടുകളുമായി ജോ ബൈഡനാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചു നിൽക്കുന്നത്. എന്നാൽ ഈ വിജയം തട്ടിപ്പാണെന്നാണ് ട്രംപിന്റെ ആരോപണം.
Discussion about this post