വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് ആയിരിക്കെ ലോകാരോഗ്യ സംഘടനയിൽ നിന്നും പിൻവാങ്ങിയ നടപടി റദ്ദാക്കി വീണ്ടും ലോകാരോഗ്യ സംഘടനയിൽ ചേരാൻ ഒരുങ്ങി യുഎസ്. നിയുക്ത പ്രസിഡന്റ് ജോ ബൈഡനാണ് അമേരിക്ക വീണ്ടും ലോകാരോഗ്യ സംഘടനയിൽ ചേരുമെന്ന് വ്യക്തമാക്കിയത്. ചൈനയുടെ ഇടപെടലുകൾ നിയമപരമായിരിക്കുമെന്ന കാര്യം താൻ ഉറപ്പുവരുത്തുമെന്നും ബൈഡൻ വ്യക്തമാക്കി.
പ്രസിഡന്റ് ആയിട്ടുള്ള ആദ്യ ദിവസംതന്നെ ലോകാരോഗ്യ സംഘടനയിൽ വീണ്ടും ചേരും. ചില പരിധികളുണ്ടെന്ന് ചൈനയെ മനസ്സിലാക്കിക്കേണ്ടതുണ്ട്. ചൈനയെ ശിക്ഷിക്കുക എന്നതല്ല, നിയമങ്ങളനുസരിച്ചാണ് കളിക്കേണ്ടതെന്ന കാര്യം അവർ മനസ്സിലാക്കണം. അക്കാര്യം ഉറപ്പിക്കുന്നതിനാണിതെന്നും ബൈഡൻ പറഞ്ഞു.
ചൈനയുടെ പെരുമാറ്റരീതികളുടെ പേരിൽ അവരെ ശിക്ഷിക്കുമെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബൈഡൻ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് ബൈഡൻ നിലപാട് വ്യക്തമാക്കിയത്.
ഏപ്രിൽ മാസത്തിലാണ് ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക പിൻവാങ്ങുന്നെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ചൈനയിൽ കോവിഡ് 19 വ്യാപിക്കുന്ന ഘട്ടത്തിൽ ഇക്കാര്യത്തിൽ ഇടപെടൽ നടത്തുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് സംഘടനയിൽനിന്ന് പിൻവാങ്ങാൻ ഒരുങ്ങിയത്. പിന്നീട് ജൂലൈയിൽ അമേരിക്ക ഔദ്യോഗികമായി പിൻവാങ്ങി.
Discussion about this post