ന്യൂയോര്‍ക്ക്: ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി നല്‍കി അമേരിക്ക. രണ്ട് വര്‍ഷത്തോളം നീണ്ട പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും ശേഷമാണ് വിലക്ക് നീക്കിയിരിക്കുന്നത്. ആറ് മാസങ്ങളിലായി 346 പേരുടെ ജീവന്‍ ഇല്ലാതാക്കിയ രണ്ട് അപകടങ്ങളാണ് കഴിഞ്ഞ മാര്‍ച്ചില്‍ ബോയിങ് 737 മാക്‌സിന്റെ വിലക്കാന്‍ കാരണം. ഇതേ തുടര്‍ന്ന് രണ്ട് വര്‍ഷം നീണ്ട പരിശോധനക്ക് ശേഷമാണ് വീണ്ടും ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ പറക്കാന്‍ ഒരുങ്ങുന്നത്.
‘കഠിനമായിരുന്നു ഇതുവരെയുള്ള പാത. എന്നാല്‍ തുടക്കത്തിലേ പറഞ്ഞതുപോലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് ആവശ്യമായ സമയം വേണ്ടിവന്നു. ഇപ്പോള്‍ എന്റെ കുടുംബത്തെ അതില്‍ യാത്ര ചെയ്യിക്കുന്നതില്‍ പോലും ഞാന്‍ പൂര്‍ണ്ണ സംതൃപ്തനാണ്’ എന്നാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ചീഫ് സ്റ്റീഫന്‍ ഡിക്സണ്‍ പറഞ്ഞത്. ഇനിയും അത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മാനുഷികമായി ചെയ്യാന്‍ സാധിക്കുന്നതൊക്കെ ഞങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിലക്ക് നീക്കിയെങ്കിലും ഉടന്‍ തന്നെ മാക്‌സ് ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ പറക്കില്ല. സോഫ്റ്റ്വെയര്‍ വയറിങ് മാറ്റങ്ങളും, പൈലറ്റുകള്‍ക്കായുള്ള പ്രത്യേക പരിശീലനവും പൂര്‍ത്തിയായതിന് ശേഷം മാത്രമായിരിക്കും ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ പറന്നു തുടങ്ങുക എന്നാണ് അദ്ദേഹം അറിയിച്ചത്.
Discussion about this post