ന്യൂയോര്‍ക്ക്: അമേരിക്കന്‍ എയര്‍ലൈന്‍ വിമാനത്തില്‍ നിന്നും മുസ്ലിം യുവതിയെ പുറത്താക്കി. വിമാനത്തിലെ ഫസ്റ്റ് ക്ലാസ് പാസഞ്ചര്‍മാരിലൊരാള്‍ക്ക് ഇവരുടെ സാന്നിധ്യം ബുദ്ധിമുട്ടാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഇവരെ പുറത്താക്കിയത്.
അമാനി അല്‍ ഖതേബ് എന്ന 29 കാരിക്കാണ് ദുരനുഭവം ഉണ്ടായത്. ന്യൂമാര്‍ക്കില്‍ നിന്നും ഷാര്‍ലെറ്റിലേക്ക് യാത്ര ചെയ്യാനിരുന്നതായിരുന്നു ഇവര്‍. തന്നെ വിമാനത്തില്‍ നിന്നും പുറത്താക്കുന്നതിന്റെ വീഡിയോ ഇവര്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇതില്‍ എന്തിനാണ് ഇവരെ പുറത്താക്കിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്. ഫസ്റ്റ് ക്ലാസ് യാത്രക്കാരന് ഈ സ്ത്രീയുടെ സാന്നിധ്യം ബുദ്ധിമുട്ടായതിനാല്‍ ക്യാപ്റ്റന്‍ നല്‍കിയ നിര്‍ദ്ദേശ പ്രകാരമാണ് തന്നെ പുറത്താക്കിയതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ വീഡിയോയില്‍ പറയുന്നത്. സംഭവം ഇതിനോടകം സോഷ്യല്‍മീഡിയയിലും നിറഞ്ഞു കഴിഞ്ഞു.
അതേസമയം പ്രീ ചെക്കിനിടയില്‍ തന്നെ യുവതിയും ഫസ്റ്റ് ക്ലാസ് യാത്രക്കാരനും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇദ്ദേഹത്തിന് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് യുവതി ആരോപിച്ചിരുന്നു. ഈ പ്രശ്നം ഉയര്‍ത്തി യുവതി ടെര്‍മിനലിലും പിന്നീട് വിമാനത്തില്‍ ബഹളമുണ്ടാക്കിയിരുന്നു. യാത്രക്കാരന്റെ വീഡിയോ എടുക്കാനും യുവതി ശ്രമിച്ചിരുന്നു. പിന്നീടാണ് ഇവരെ പുറത്താക്കിയത്.