വാഷിംഗ്ടണ്‍: ലോകം ഒന്നടങ്കം ഇപ്പോള്‍ കോവിഡ് ഭീതിയില്‍ കഴിയുകയാണ്. കോടിക്കണക്കിനാളുകള്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചത്. ലക്ഷക്കണക്കിനാളുകള്‍ മരിച്ച് വീഴുകയും ചെയ്തു. കോവിഡിനെ തടയാന്‍ വാക്‌സിനായുള്ള കാത്തിരിപ്പിലാണ് ലോകജനത.
മിക്ക രാജ്യങ്ങളും വാക്‌സിനായുള്ള പരീക്ഷണ ശാലയിലാണ്. അതിനിടെ കോവിഡ് വാക്സിന്‍ തയ്യാറെന്ന പ്രഖ്യാപനവുമായി പ്രമുഖ അമേരിക്കന്‍ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഫൈസര്‍ രംഗത്തെത്തി. രോഗികളില്‍ നടത്തിയ അവസാന ഘട്ട പരീക്ഷണത്തില്‍ വാക്സിന്‍ 95 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയതായി ഫൈസര്‍ അവകാശപ്പെട്ടു.
ഒരു തരത്തിലുമുള്ള ഗുരുതരമായ പാര്‍ശ്വ ഫലങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. 8 മാസം നീണ്ടു നിന്ന പോരാട്ടത്തിന് ശേഷമാണ് വാക്സിന്‍ കണ്ടെത്താന്‍ കഴിഞ്ഞതെന്നും കൊറോണ മഹാമാരിയ്ക്ക് അവസാനം കുറിക്കാന്‍ തങ്ങളുടെ വാക്സിനിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫൈസര്‍ അറിയിച്ചു.
ജനങ്ങള്‍ക്ക് വാക്സിന്‍ ഉപയോഗിച്ച് തുടങ്ങാമെന്നാണ് ഫൈസര്‍ അറിയിച്ചിരിക്കുന്നത്. അന്തിമ പരീക്ഷണത്തില്‍ ഫലപ്രദമെന്ന് കണ്ടെത്തിയതോടെ ഫൈസര്‍ അമേരിക്കയിലെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടിയിരിക്കുകയാണ്. അനുമതി ലഭിച്ചാല്‍ ഇന്ന് തന്നെ വാക്സിന്‍ അയച്ചു തുടങ്ങുമെന്നും കമ്പനി അറിയിച്ചു.