ലണ്ടൻ: വരുന്ന പത്ത് വർഷത്തിനുള്ളിൽ പെട്രോൾ-ഡീസൽ കാറുകൾ നിരോധിക്കാൻ ഒരുങ്ങി ബ്രിട്ടൺ. 2030ഓടെ പെട്രോൾഡീസൽ കാറുകളുടെ വിൽപ്പന നിരോധിക്കുമെന്നും ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോൺസൺ വരും ദിവസങ്ങളിൽ നടത്തുമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ.
മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പരമ്പരാഗത ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് 2040ഓടെ നിരോധനമേർപ്പെടുത്താൻ ആയിരുന്നു മുമ്പത്തെ തീരുമാനം. എന്നാൽ, കഴിഞ്ഞ ഫെബ്രുവരിയിൽ 2035 മുതൽ പെട്രോൾഡീസൽ കാറുകളുടെ വിൽപ്പന നിരോധിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിക്കുകയായിരുന്നു.
പക്ഷെ, പുതിയ റിപ്പോർട്ടുകൾ പറയുന്നത് അതിനുമുമ്പു തന്നെ ഇത്തരം കാറുകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്നാണ്. ഫിനാൻഷ്യൽ ടൈംസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് 2030 മുതൽ തന്നെ ബ്രിട്ടണിൽ ഇത്തരം വാഹനങ്ങൾ നിരോധിക്കുമെന്നാണ് വിവരം. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ബ്രിട്ടണിന്റെ പാരിസ്ഥിതിക നയം സംബന്ധിച്ച പ്രസംഗത്തിലായിരിക്കും മോറിസ് ജോൺസൺ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയേക്കുക.