കോവിഡ്; ബ്രിട്ടനില്‍ യുവ മലയാളി ഡോക്ടര്‍ക്ക് ദാരുണാന്ത്യം, 10 ദിവസത്തിനിടെ മരിച്ചത് നാല് മലയാളികള്‍

ലണ്ടന്‍: കോവിഡ് 19 വൈറസ് ബാധിച്ച് ബ്രിട്ടനില്‍ യുവ മലയാളി ഡോക്ടര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശിയായ ഡോ. കൃഷ്ണന്‍ സുബ്രഹ്‌മണ്യനാണ് മരിച്ചത്. നാല്‍പ്പത്തിയാറ് വയസ്സായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ബ്രിട്ടനിലെ ലെസ്റ്ററില്‍ വെച്ചായിരുന്നു അന്ത്യം.

കോവിഡ് ബാധിച്ച് ആരോഗ്യസ്ഥിതി മോശമായ ഡോ. കൃഷ്ണന്‍ ഏതാനും ദിവസങ്ങളായി ലെസ്റ്ററിലെ ഗ്ലന്‍ഫീല്‍ഡ് ആശുപത്രിയില്‍ എഗ്മോ വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികില്‍സയിലായിരുന്നു. കരോഗം മൂര്‍ച്ഛിച്ചതിന് പിന്നാലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

സംസ്‌കാരം പിന്നീട് നടത്തും. പ്രിയദര്‍ശിനി മേനോനാണ് ഭാര്യ. അനസ്തിഷ്യ സ്‌പെഷ്യലിസ്റ്റായിരുന്ന കൃഷ്ണന്‍ ഡെര്‍ബി ഹോസ്പിറ്റിറ്റലിലാണ് പ്രധാനമായും ജോലി ചെയ്തിരുന്നത്. നോര്‍ത്താംപ്റ്റണ്‍, ലെസ്റ്റര്‍ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിരുന്നു.

ബ്രിട്ടനില്‍ പത്തുദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിക്കുന്ന നാലാമത്തെ മലയാളിയാണ് ഡോ. കൃഷ്ണന്‍ സുബ്രഹ്‌മണ്യന്‍. ബ്രിട്ടനിലാകെ ഇന്നലെ 563 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മരണസംഖ്യ അഞ്ഞൂറിനു മുകളില്‍ തുടരുന്നത്.

Exit mobile version