ക്രൈസ്റ്റ്ചർച്ച്: ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ ഉടൻ വിവാഹിതയായേക്കും. ‘ഞങ്ങൾക്ക് ചില പദ്ധതികളുണ്ട്. അത് അതിന്റെ വഴിയിലാണ്’ എന്ന് വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തോട് ജസീന്ത പ്രതികരിച്ചു. ‘അത് പ്രാവർത്തികമാക്കുന്നതിന് മുമ്പ് ചില പദ്ധതികൾ ഞങ്ങളുടെ കുടുംബവുമായും സുഹൃത്തുക്കളുമായും പങ്കിടേണ്ടതുണ്ട്’ ജസീന്ത ന്യൂസിലാൻഡ് നഗരമായ പ്ലൈമൗത്തിൽ വെച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു.
40കാരിയായ ജസീന്തയുടെ ജീവിത പങ്കാളി 44കാരൻ ക്ലാർക് ഗേഫോഡിൻ ആണ്. ടെലിവിഷൻ അവതാരകനായ ക്ലാർക്കിനെ ജസീന്ത ഔദ്യോഗികമായി വിവാഹം ചെയ്തിട്ടില്ല. ഇരുവർക്കും രണ്ട് വയസായ മകളുണ്ട്. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ മൂന്നു മാസം പ്രായമുള്ള മകളെയും കൈയിലെടുത്ത് എത്തിയ ജസീന്ത ലോകത്തിന്റെ മനംകവർന്നിരുന്നു.
കഴിഞ്ഞ മാസം ജസീന്തയുടെ നേതൃത്വത്തിൽ ലേബർ പാർട്ടി ന്യൂസിലാൻഡിൽ അധികാരം നിലനിർത്തുകയും ചെയ്തു. കൊവിഡ് ഫലപ്രദമായി പ്രതിരോധിച്ചാണ് ലോകത്തിന് തന്നെ ഈ വനിതാ ഭരണാധികാരി മാതൃകയായത്.
ക്രൈസ്റ്റ്ചർച്ച് വെടിവെപ്പിൽ കൊല്ലപ്പെട്ട മുസ്ലിംകളുടെ കുടുംബാംഗങ്ങളെ ആലിംഗനം ചെയ്ത് സാന്ത്വനിപ്പിച്ച ജസീന്തയ്ക്ക് വലിയ പിന്തുണയാണ് ലോകമെമ്പാടുനിന്നും ലഭിച്ചത്.
Discussion about this post