കാന്‍ബറ: ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തിച്ചിരുന്ന ഏറ്റവും വലിയ സെക്‌സ് റാക്കറ്റ് പൊളിച്ച് പോലീസ്. പതിനാറ് മാസം പ്രായമായ കുഞ്ഞടക്കം 46 കുട്ടികളാണ് റാക്കറ്റില്‍ പെട്ടിരുന്നത്. പോലീസിന്റെ ഇടപെടലിലൂടെ 46ഓളം കുട്ടികള്‍ക്ക് ഇതോടെ മോചനം ലഭിച്ചു. റാക്കറ്റുമായി ബന്ധപ്പെട്ട് 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇവര്‍ക്കെതിരെ 828 കേസുകളാണ് പോലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കുട്ടികളെ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങളുണ്ടാക്കി ഓണ്‍ലൈനില്‍ വില്‍പന നടത്തി വരികയായിരുന്നു റാക്കറ്റ്. ഫെബ്രുവരിയില്‍ 30 വയസുകാരനായ ജസ്റ്റിന്‍ റാറ്റ്ഫോര്‍ഡ് അറസ്റ്റിലാകുന്നതോടെയാണ് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.
ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഉപകരണങ്ങളും, അവ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്ന ലാപ്ടോപ്പ്, അക്കൗണ്ടുകള്‍ എന്നിവ പോലീസ് കണ്ടെടുക്കുകയും ചെയ്തു. സെക്സ് റാക്കറ്റില്‍ അകപ്പെട്ട 46 കുട്ടികളില്‍ മിക്കവരും എട്ട് വയസിനടുത്തുള്ളവരായിരുന്നു. പതിനഞ്ച് വയസുവരെയുള്ള കുട്ടികളാണ് റാക്കറ്റില്‍ ഉണ്ടായിരുന്നത്.
സംഭവത്തില്‍, ചൈല്‍ഡ് കെയര്‍ പ്രവര്‍ത്തകനായ ടിമോത്തി ലൂക്കും പങ്കാളി സ്റ്റീവ് ഗാറാഡിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്ത് വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചതിനും ഈ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതിനും ടിമോത്തിയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിനെതിരെ മാത്രം 303 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.