വാഷിംഗ്ടണ്‍: യുഎസ് രാഷ്ട്രീയത്തില്‍ പുതുചരിത്രം രചിച്ച് കമല ഹാരിസ്. ഇന്ത്യന്‍ വംശജ കൂടിയായ 55 കാരി ഇനി യുഎസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. മലയുടെ സ്ഥാനാര്‍ത്ഥിത്വം ട്രംപ് ഭരണകൂടത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രഹരമായിരിക്കുമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു.
അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച മൂന്നാമത്തെ വനിതയാണ് കമലയെങ്കിലും യുഎസിലെ പ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വെളുത്ത വംശജയല്ലാത്ത ആദ്യ വനിതയെന്ന പേര് ഇനി കമലയ്ക്ക് സ്വന്തം. യുഎസിന്റെ ചരിത്രത്തിന് ഇന്നേവരെ ഒരു വനിതയും പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആയിട്ടില്ലെന്ന കുറവാണു കമല ഇതിനോടകം നികത്തിയിരിക്കുന്നത്.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ മൈക്ക് പെന്‍സിനെയാണു കമല തോല്‍പ്പിച്ചത്. 1960 കളില്‍ തമിഴ്നാട്ടില്‍ നിന്നും അമേരിക്കയിലെത്തിയ കാന്‍സര്‍ ഗവേഷക ശ്യാമളാ ഗോപാലിന്റെയും ജമേക്കന്‍ വംശജന് ഡോണള് ഹാരിസിന്റെയും മകളായ കമലയുടെ സ്ഥാനാര്‍ത്ഥിത്വം ഡെമോക്രാറ്റുകള്‍ക്കു വലിയ ഉന്മേഷമാണു പകര്‍ന്നത്. യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണള്‍ഡ് ട്രംപിനെതിരായ മത്സരത്തില്‍ ആഫ്രോ അമേരിക്കന്‍ വംശജരുടെയും ഇന്ത്യന്‍ വേരുകളുള്ള അമേരിക്കക്കാരുടെയും നിര്‍ണായക പങ്കു തിരിച്ചറിഞ്ഞായിരുന്നു കമലയുടെ സ്ഥാനാര്‍ത്ഥിത്വം.
നിലവില്‍ കലിഫോര്‍ണിയയില്‍നിന്നുള്ള സെനറ്ററാണ് കമല. അഭിഭാഷക രംഗത്തും പൊതുപ്രവര്‍ത്തന രംഗത്തും തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തില്‍ തുടക്കത്തില്‍ കമലയുമുണ്ടായിരുന്നുവെങ്കിലും പിന്നീട് ജോ ബൈഡനു പിന്തുണ പ്രഖ്യാപിച്ചു പിന്മാറുകയായിരുന്നു. കമലയുടെ സ്ഥാനാര്‍ത്ഥിത്വത്തോട് അധിക്ഷേപാര്‍ഹമായ നിലപാടായിരുന്നു ഡൊണള്‍ഡ് ട്രംപിന്റേത്. ലൈംഗികചുവയോടെയും വംശീയമായും കടന്നാക്രമിച്ചിട്ടും അതെല്ലാം മറികടന്നാണു കമല വെന്നിക്കൊടി നാട്ടിയത്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് ഉജ്ജ്വ വിജയമാണ് നേടിയിരിക്കുന്നത്. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് ബൈഡന്റെ മുന്നേറ്റം. ഇരുപത് ഇലക്ടറല്‍ വോട്ടുകളുള്ള പെന്‍സില്‍വേനിയയില്‍ വിജയിച്ചതോടെയാണ് ബൈഡന് വിജയം ഉറപ്പിച്ചത്.
അതേസമയം, വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 538 ഇലക്ടറല്‍ വോട്ടുകളില്‍ കേവല ഭൂരിപക്ഷം ബൈഡന് നേടിയതായി പ്രഖ്യാപിക്കുകയായിരുന്നു. അമേരിക്കയുടെ 46-ാമത് പ്രസിഡന്റായാണ് ബൈഡന് സ്ഥാനമേല്‍ക്കുന്നത്. 270 ഇലക്ടറല്‍ വോട്ടുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. ബരാക്ക് ഒബാമ സര്‍ക്കാരില്‍ എട്ടുവര്‍ഷം ബൈഡന് വൈസ് പ്രസിഡന്റായിരുന്നു. അമേരിക്കയുടെ പ്രസിഡന്റ് പദത്തില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ് ബൈഡന്.
Discussion about this post