ലണ്ടൻ: കോവിഡ് ചികിത്സയ്ക്ക് രക്തം കട്ടപിടിക്കുന്നത് വൈകിക്കാൻ ഉപയോഗിക്കുന്ന ആസ്പിരിൻ ഉപയോഗിക്കുന്നത് സംബന്ധിച്ച് പഠനങ്ങൾ നടക്കുന്നു. യുകെയിലെ വിദഗ്ധരാണ് ഇതുസംബന്ധിച്ച പഠനം നടത്തുന്നത്. കോവിഡ് ചികിത്സ സംബന്ധിച്ച നിരവധികാര്യങ്ങൾ പഠന വിധേയമാക്കുന്നതിന് ഒപ്പമാണ് ആസ്പിരിന്റെ സാധ്യതയും വിലയിരുത്തുന്നതെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
2000ത്തോളം രോഗികൾക്ക് മറ്റു മരുന്നുകൾക്കൊപ്പം 150 മില്ലിഗ്രാം ആസ്പിരിനും ദിവസേന നൽകാനാണ് ഉദ്ദേശിക്കുന്നത്. മറ്റു മരുന്നുകൾ മാത്രം കഴിച്ച 2000 ത്തോളം രോഗികളുടെ ആരോഗ്യ വിവരങ്ങൾ ആസ്പിരിനും ദിവസേനെ ഉപയോഗിച്ച രോഗികളുടേതുമായി താരതമ്യപ്പെടുത്തും. ഇത്തരത്തിൽ ആസ്പിരിന്റെ സാധ്യത മനസിലാക്കാനാണ് നീക്കം.
കോവിഡ് ബാധിക്കുന്ന രോഗികളിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് ആസ്പിരിന്റെ സാധ്യതകൾ തേടുന്നതെന്ന് വിദഗ്ധർ വിശദീകരിക്കുന്നു. ആസ്പിരിൻ പ്രയോജനപ്പെടുമെന്ന് വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ടെന്ന് പരീക്ഷണത്തിന്റെ കോചീഫ് ഇൻവെസ്റ്റിഗേറ്ററായ പീറ്റർ ഹോർബി പറഞ്ഞു.
Discussion about this post