വെല്ലുവിളിച്ച് ട്രംപ്; പരക്കെ അക്രമം, എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ഭീതി നിറഞ്ഞ അന്തരീക്ഷം

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന്‍ മുന്നേറുന്നു. അതിനിടെ വോട്ടെടുപ്പ് അട്ടിമറിക്കാനാണു ഡമോക്രാറ്റുകളുടെ ശ്രമമാണിതെന്നും മുഴുവന്‍ വോട്ടുകള്‍ എണ്ണരുതെന്നും ആവശ്യപ്പെട്ട് യുഎസ് രാഷ്ട്രീയ പ്രക്രിയയെ തന്നെ ദുര്‍ബലപ്പെടുത്തുന്ന വാദങ്ങളുമായി പ്രസിഡന്റ് തന്നെ രംഗത്തു വന്നതോടെ അക്രമവും കയ്യാങ്കളിയുമായി ട്രംപ് അനുകൂലികളും തെരുവിലിറങ്ങി കഴിഞ്ഞു.

സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് ജോലിയ്ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍. ‘കാര്യങ്ങള്‍ ആശങ്കാജനകമാണ്. എന്റെ അമ്മയും ഭാര്യയും ഭീതിയിലാണ്- ക്ലാര്‍ക്ക് കൗണ്ടിയിലെ റജിസ്ട്രാര്‍ ജോ ഗ്ലോറിയ പറയുന്നു.

എപ്പോള്‍ വേണമെങ്കിലും ഞങ്ങള്‍ ആക്രമിക്കപ്പെടാം. എന്റെ കീഴിലുള്ള ജീവനക്കാരെ ചൊല്ലിയാണ് എന്റെ ആശങ്ക. ചില സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഉപരോധിക്കുന്നതിനാല്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്കു വരികയും പോകുകയും ചെയ്യുന്ന ഓരോ വാഹനവും ഞങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. സാഹചര്യം അത്രമാത്രം ഞങ്ങളെ ഭയപ്പെടുത്തുന്നു- ജോ ഗ്ലോറിയ പറയുന്നു.

വോട്ടെണ്ണല്‍ കാര്യക്ഷമായി പൂര്‍ത്തിയാക്കുകയെന്നതു ഞങ്ങളുടെ കടമയാണ്, ആര്‍ക്കും ഞങ്ങളെ അതില്‍ നിന്ന് തടയാനാകില്ലെന്നും ജോ പറഞ്ഞു. മെയില്‍ ഇന്‍ ബാലറ്റുകളെ കുറിച്ച് ആഴ്ചകള്‍ക്കു മുന്‍പ് പരാതിപ്പെട്ടിരുന്ന ട്രംപ് വ്യാഴാഴ്ച വൈകിട്ട് ഈ ആരോപണം ശക്തമാക്കിയതോടെയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ അക്രമങ്ങളും ഭീഷണികളും സജീവമായത്.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിരന്തരം ഭീഷണിപ്പെടുത്തുന്നതും അപമാനിക്കുന്നതും ട്രംപും അദ്ദേഹത്തിന്റെ അനുയായികളും അവസാനിപ്പിക്കണമെന്നു മിഷിഗന്‍ അറ്റോര്‍ണി ജനറല്‍ ഡാന നെസല്‍ ട്വീറ്റ് ചെയ്തു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും പ്രതിഷേധം മൂലം വോട്ടെണ്ണല്‍ മന്ദഗതിയിലാണെന്നും പലപ്പോഴും ജോലി തടസ്സപ്പെടുന്നതായും അരിസോണ സ്റ്റേറ്റ് സെക്രട്ടറിയും പരാതിപ്പെട്ടു.

Exit mobile version