വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇലക്ടറൽ വോട്ടുകളുടെ അടിസ്ഥാനത്തിൽ ജോ ബൈഡൻ നേരിയ മുന്നേറ്റം കാണിക്കുന്നതിനിടെ കോടതിയെ സമീപിക്കാൻ ഒരുങ്ങി ട്രംപ്. പുലർച്ചെ നാലുമണിക്ക് ശേഷം ലഭിച്ച വോട്ടുകൾ എണ്ണരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയാണ് ഡൊണാൾഡ് ട്രംപ്. അതേസമയം, ട്രംപിനെ എന്തുവിലകൊടുത്തും നേരിടുമെന്ന് ഡെമോക്രാറ്റുകൾ പ്രതികരിച്ചു.
വോട്ടെണ്ണൽ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന ട്രംപിന്റെ പരാമർശം അന്യായവും കീഴ് വഴക്കമില്ലാത്തതും അബദ്ധവുമാണെന്നാണ് ബൈഡന്റെ ക്യംപെയ്ൻ മാനേജർ ജെൻ ഒ മാലെ ഡില്ലൺ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ട്രംപിന്റെ ശ്രമത്തെ പ്രതിരോധിക്കാൻ നിയമവിദഗ്ധരുടെ സംഘം തയ്യാറായി നിൽക്കുകയാണെന്നും ആ ശ്രമത്തിൽ അവർ വിജയിക്കുമെന്നും മാനേജർ അവകാശപ്പെട്ടു.
ഇത് അന്യായമാണെന്നും അമേരിക്കൻ പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കാനുളള നഗ്നമായ ശ്രമമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ബുധനാഴ്ച പുലർച്ചെ നാലിന് മുമ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ ജെൻ പറയുന്നു.
നേരത്തെ, വോട്ടുകൾ എണ്ണിത്തീരുന്നതിന് മുമ്പുതന്നെ തന്നെ തന്റെ വിജയം സ്വയം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.
Discussion about this post