വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ലോകം തന്നെ ജനവിധി അറിയാൻ ഉറ്റുനോക്കുകയാണ്. ജോ ബൈഡൻ ആണോ ഡൊണാൾഡ് ട്രംപ് ആണോ വിജയിക്കുന്നത് എന്ന ചോദ്യം ഉയരുന്നതിനിടെ വാർത്തകളിൽ നിറയുകയാണ് ഇലക്ടറൽ കോളേജ് എന്ന വാക്ക്. അതെന്താണെന്ന് പലർക്കും സംശയവും ഉയർന്നിട്ടുണ്ടാകാം.
ഓരോ അധിവർഷത്തിലെയും (Leap year) നവംബറിലെ ആദ്യ ചൊവ്വാഴ്ചയാണ് അമേരിക്കയെ തുടർന്ന് ഭരിക്കേണ്ടത് ആരാണെന്ന തീരുമാനം ജനങ്ങൾ കൈക്കൊള്ളുന്നത്. അമേരിക്കൻ പ്രസിഡന്റിന്റേത് പരോക്ഷ (ഇൻഡയറക്ട്) തെരഞ്ഞടുപ്പാണെങ്കിലും പ്രായോഗിക തലത്തിൽ എല്ലാ ജനങ്ങളും പങ്കാളികളാകുന്നുണ്ട്. അങ്ങനെയാണ് അത് ഡയറക്ട് ഇലക്ഷനായി മാറുന്നത്.
സ്ഥാനാർത്ഥി നിർണയത്തിൽ തുടങ്ങി ഇലക്ടറൽ കോളജ് അംഗങ്ങളുടെ തെരഞ്ഞടുപ്പു വരെയുള്ള പ്രക്രിയകളിലൂടെ ജനങ്ങൾ നേരിട്ടാണ് പ്രസിഡന്റ് ആരാണെന്ന വിധിയെഴുതുന്നത്. യുഎസ് ഭരണഘടനയിൽ മൂന്നു ഘട്ടങ്ങളാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇലക്ടറൽ കോളേജിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പ്, ഇലക്ടറൽ കോളേജ് അംഗങ്ങൾ ചേർന്നുള്ള പ്രസിഡന്റിന്റെ തെരെഞ്ഞടുപ്പ്, യുഎസ് കോൺഗ്രസ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ഇലക്ടറൽ കോളേജ് അംഗങ്ങളുടെ വോട്ട് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് തുറന്ന് പരിശോധിക്കൽ എന്നിവയാണവ.
ഇലക്ടറൽ കോളജ്: ഓരോ സംസ്ഥാനത്തുനിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഇലക്ടറൽമാരാണ് യുഎസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. മറ്റു തെരഞ്ഞെടുപ്പുകളിൽ പ്രതിനിധികളെ ജനം നേരിട്ട് തെരഞ്ഞെടുക്കും. എന്നാൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ ഓരോ സംസ്ഥാനത്തിനും നിശ്ചിത എണ്ണം ഇലക്ടറൽമാരെയാണ് ലഭിക്കുക. ഓരോ സ്‌റ്റേറ്റിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്നവരെ മൊത്തം ഇലക്ടറൽ കോളേജ് എന്നുവിളിക്കും. 538 ഇലക്ടറൽ വോട്ടുകൾ ചേരുന്നതാണ് ഇലക്ടറൽ കോളേജ്. യുഎസിലെ 50 സംസ്ഥാനങ്ങളിലെയും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലെ മൂന്നു വോട്ടുകളുമടക്കമാണ് 538 ഇലക്ടറൽ വോട്ടുകൾ.
270 എന്ന മാജിക് നമ്പർ കടന്നുകിട്ടുന്നയാൾ പ്രസിഡന്റാകും. യുഎസ് സെനറ്റിൽ നൂറുപേരും ജനപ്രതിനിധിസഭയിൽ 435 പേരുമാണുള്ളത്. ഓരോ രാഷ്ട്രീയപാർട്ടിയും അവരുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ പ്രതിനിധിയായാണ് അവരുടെ ഇലക്ടറൽ കോളജ് സ്ഥാനാർത്ഥിയെ സംസ്ഥാനങ്ങളിൽ അതിന് നിശ്ചയിച്ചിട്ടുള്ള മണ്ഡലങ്ങളിൽ മത്സരിപ്പിക്കുന്നത്.
ഓരോ സ്‌റ്റേറ്റിലും വിജയിക്കുന്ന ഇലക്ടറൽ പ്രതിനിധികൾ അവരുടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് ഡിസംബർ 14ന് വോട്ട് ചെയ്യും. എന്നാൽ ഇലക്ടറൽ കോളേജിന്റെ അടിസ്ഥാനത്തിൽ തന്നെ വിജയി ആരാണെന്ന് നേരത്തേ അറിയാനാകും. യുഎസ് കോൺഗ്രസിലെ ജനപ്രതിനിധി സഭയും സെനറ്റും ചേർന്ന് ജനുവരി ആറിന് ഉച്ചയ്ക്ക് ഒന്നിന് സംയുക്ത സമ്മേളനം നടത്തി ഇലക്ടറൽ വോട്ടുകൾ എണ്ണി പ്രസിഡന്റിനെ പ്രഖ്യാപിക്കും. പുതിയ പ്രസിഡന്റ് ജനുവരി 20ന് അധികാരമേൽക്കും.
യുഎസ് പ്രസിഡന്റ് തുടർഭരണത്തിനായി റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് തന്നെയാണ്. മൈക്ക് പെൻസ് ആണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി. ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഇന്ത്യൻ വംശജ കമല ഹാരിസുമാണ്.
Discussion about this post