ബീജിങ്: തന്നെ ഇത്രനാളും വളർത്തിയ ഉടമയേയും വീട്ടുകാരേയും കാണാതായതിനെ തുടർന്ന് തേടിയിറങ്ങിയ വളർത്തുനായ ഒടുവിൽ 14 ദിവസത്തിന് ശേഷം സ്വന്തം വീട്ടിലെത്തി. സുഹൃത്തിന്റെ വീട്ടിലാക്കി ഉടമ മടങ്ങിയതിനെ തുടർന്നാണ് വളർത്തുനായ ഉടമയെ തേടിയിറങ്ങിയത്. 100 കിലോമീറ്ററോളം (62 മൈൽ) സഞ്ചരിച്ച് അവശയായി പരിക്കേറ്റ ഗോൾഡൻ റിട്രീവ് പട്ടിയെ ഒടുവിൽ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ 14 ദിവസത്തിന് ശേഷം ഉടമയ്ക്ക് തിരിച്ചു കിട്ടുകയായിരുന്നു. ചൈനയിലെ കിഴക്കൻ പ്രവിശ്യയായ ക്വിദോംഗിലെ നഗരത്തിലാണ് സംഭവം. പിങ് ആൻ എന്നു വിളിക്കുന്ന ഒരു വയസ്സുള്ള പട്ടിയാണ് സ്വന്തം വീടു തേടി കാതങ്ങൾ നടന്നത്.
വീട്ടിൽ പണി നടക്കുന്നതിനാൽ ഓമമിച്ച് വളർത്തുന്ന ഗോൾഡൻ റിട്രീവിനെ ദൂരെയുള്ള സുഹൃത്തിന്റെ വീട്ടിൽ താൽക്കാലികമായി നിർത്തുകയായിരുന്നു ഉടമ. ആറു മാസത്തോളം അവിടെ തുടർന്ന പിങ് ആൻ ഉടമയേയും കുടുംബത്തേയും വല്ലാതെ മിസ് ചെയ്തതോടെ സ്വന്തം വീട് തേടി ഇറങ്ങുകയായിരുന്നു.
കിലോമീറ്ററുകൾ നടന്ന് സ്വന്തം നഗരത്തിൽ എത്തിയെങ്കിലും കാലിലുണ്ടായ പരിക്ക് കാരണം കൂടുതൽ നടക്കാനോ വീട് കണ്ടെത്താനോ കഴിഞ്ഞില്ല. ഇത്രദൂരം കാലടികൾ കൊണ്ട് താണ്ടിയ പിങ് ആനിന്റെ കാലടികൾ മുറിഞ്ഞ് രക്തമൊഴുകുന്ന അവസ്ഥയിലായിരുന്നു. നടക്കാനാവാതെ വഴിയിൽ വീണുപോയ ഈ വളർത്തുനായയെ സന്നദ്ധ പ്രവർത്തകർ കണ്ടെത്തുകയായിരുന്നു. തുടർന്ന് വീ ചാറ്റ് സോഷ്യൽ മീഡിയയിൽ അവർ ഈ പട്ടിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഉടമയെ തേടി.
തങ്ങളുടെ പിയപ്പെട്ട പട്ടിയുടെ ചിത്രങ്ങൾ വൈകാതെ തന്നെ വീ ചാറ്റിൽ കണ്ട വീട്ടുകാർ സന്നദ്ധ പ്രവർത്തകരെ തേടിയെത്തി. മുറിവേറ്റ നിലയിലുള്ള പട്ടി ഉടമയെയും വീട്ടുകാരെയും കണ്ടതോടെ ഓടിച്ചെന്ന് സ്‌നേഹം പ്രകടിപ്പിച്ചു. ഇതോടെ വീട്ടുകാരും കണ്ണീരിലായി. സോഷ്യൽ മീഡിയയിലൂടെ ഈ വാർത്ത ലോകമെമ്പാടുമെത്തുകയും വൈറലാവുകയുമായിരുന്നു. അതേസമയം, ഇനിയൊരിക്കലും പിങ് ആനിനെ തനിച്ചാക്കില്ലെന്നും എങ്ങോട്ടും അയക്കില്ലെന്നും വീട്ടുകാർ പ്രതികരിച്ചു.
Discussion about this post