വിയന്ന: ഓസ്ട്രിയയില്‍ ഭീകരാക്രമണം. വിയന്നയിലെ പ്രശസ്തമായ ജൂത ദേവാലയത്തിന് സമീപത്താണ് ആക്രമണം നടന്നത്. സംഭവത്തില്‍ ഒരു അക്രമി ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആയുധങ്ങളുമായി എത്തിയ ഒരു സംഘം അക്രമികള്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരേ സമയം ആറ് വ്യത്യസ്തസ്ഥലങ്ങളിലാണ് ആക്രമണം നടന്നത്.
വൈറസ് വ്യാപനം വീണ്ടും രൂക്ഷമാവുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ വീണ്ടും ഏര്‍പ്പെടുത്തുന്നതിന് ഓസ്ട്രിയ തീരുമാനിച്ചിരുന്നു. ലോക്ക്ഡൗണ്‍ നിലവില്‍ വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് വെടിവെപ്പ് ആരംഭിച്ചത്. ലോക്ക്ഡൗണിന് മുമ്പുള്ള ദിവസമായതിനാല്‍ തെരുവുകളില്‍ ആളുകള്‍ നിറഞ്ഞിരുന്നു. പരിക്കേറ്റവരില്‍ പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നുണ്ട്.
അതേസമയം ഭീകരര്‍ക്കായി സുരക്ഷാ സേന തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉള്‍പ്പെടെ ആക്രമണത്തെ അപലപിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.