തുര്‍ക്കിയിലും ഗ്രീസിലും ഭൂകമ്പം; മരിച്ചവരുടെ എണ്ണം 22 ആയി, എണ്ണൂറോളം പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

തുര്‍ക്കി: തുര്‍ക്കിയിലും ഗ്രീസിലും ഇന്നലെയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. എണ്ണൂറോളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളിലുമായി നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നു വീണത്. റിക്ടര്‍ സ്‌കെയിലില്‍ 7.0 മഗ്‌നിറ്റിയൂട്ട് ശക്തി രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് ഈജിയന്‍ ദ്വീപില്‍ ചെറിയ തോതില്‍ സുനാമിയുണ്ടായി. നിരവധി വീടുകള്‍ വെള്ളത്തിന് അടിയിലായി.

തുര്‍ക്കിയിലാണ് കൂടുതല്‍ പേര്‍ മരണമടഞ്ഞത്. 20 പേരാണ് ഇവിടെ മരിച്ചത്. ഗ്രീസില്‍ രണ്ട് പേരും മരിച്ചു.ഗ്രീസില്‍ മരിച്ചത് രണ്ട് കുട്ടികളാണ്.മരണസംഖ്യ ഇനിയുമുയര്‍ന്നേക്കാമെന്ന് അധികൃതര്‍ സൂചന നല്‍കി. മരിച്ചവര്‍ക്ക് തുര്‍ക്കി പ്രസിഡന്റ് ത്വയിബ് എര്‍ദോഗാന്‍ അനുശോചനമറിയിച്ചു. തുര്‍ക്കി ഇസ്മിറില്‍ 20 കെട്ടിടങ്ങള്‍ തകര്‍ന്നെന്ന് ഇസ്മിര്‍ മേയര്‍ ടുന്‍ക് സോയര്‍ പറഞ്ഞു. തകര്‍ന്നുവീണ കെട്ടിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഭൂകമ്പത്തിനും സുനാമിക്കും പിന്നാലെ തുര്‍ക്കിയില്‍ പള്ളികള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി തുറന്നുകൊടുത്തു. തുര്‍ക്കിയിലെ ഇസ്മിര്‍ മേഖലയിലാണ് ഭൂകമ്പത്തിന് പിന്നാലെ കടല്‍ കരയിലേക്ക് ഇരച്ചു കയറിയത്. ഗ്രീക്ക് നഗരമായ കര്‍ലോവസിയില്‍ നിന്നും 14 കി.മീ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ വകുപ്പ് വ്യക്തമാക്കി. 1999ലാണ് ഇതിന് മുമ്പ് തുര്‍ക്കിയെ ഞെട്ടിച്ച് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ അന്ന് 17,000 പേരാണ് മരിച്ചത്. ഇസ്താംബുളില് മാത്രം 1000ത്തിലേറെ പേര്‍ മരിച്ചു.

Exit mobile version