ഡബ്ലിന്‍: ഇന്ത്യക്കാരിയായ അമ്മയെയും രണ്ട് മക്കളെയും അയര്‍ലണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ബെംഗളൂരുവില്‍നിന്നുള്ള സീമ ബാനു (37), മകള്‍ അസ്ഫിറ റിസ (11), മകന് ഫൈസാന്‍ സയീദ് (6) എന്നിവരാണു മരിച്ചത്.
ഇവരുടെ മരണം കൊലപാതകമാണോയെന്ന് അധികൃതര്‍ സംശയിക്കുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമേ വ്യക്തത വരൂ എന്നാണ് അധികൃതരുടെ നിലപാട്. കൊലപാതകമെന്നാണു പ്രാഥമിക നിഗമനമെന്നും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഉടന്‍ റിപ്പോര്‍ട്ട് കിട്ടുമെന്നും അയര്‍ലന്‍ഡ് പൊലീസായ ഗാര്‍ഡ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
‘ദുരൂഹം’ എന്ന വിഭാഗത്തിലാണു മൂന്നു പേരുടെയും മരണത്തെ പൊലീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സീമയ്ക്കു ഭര്‍ത്താവില്‍നിന്നു ക്രൂരമായ പീഡനമാണ് അനുഭവിക്കേണ്ടി വന്നതെന്ന് ആരോപണമുണ്ട്. ദിവസങ്ങള്‍ക്കു മുന്‍പു നടന്ന മരണം ഇക്കഴിഞ്ഞ ബുധനാഴ്ചയാണു ഗാര്‍ഡ അറിയുന്നത്.
ഏതാനും മാസങ്ങള്‍ക്കു മുന്‍പാണു സീമയും കുട്ടികളും ഇവിടെ താമസമാക്കിയത്. ബാലിന്റീര്‍ എജ്യുക്കേറ്റ് ടുഗെദര്‍ നാഷനല്‍ സ്കൂളിലാണു കുട്ടികളെ ചേര്‍ത്തിരുന്നത്. ഏതാനും ദിവസമായി വീട്ടുകാരുടെ ശബ്ദമൊന്നും കേള്‍ക്കാതിരുന്ന അയല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടികളുടെയും സീമയുടെയും മൃതദേഹങ്ങള്‍ വെവ്വേറെ മുറികളിലാണു കിടന്നിരുന്നത്. ഭര്‍ത്താവാണോ മറ്റാരെങ്കിലുമാണോ കൃത്യം ചെയ്തതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
Discussion about this post