പാരിസ്: ഇതരമതത്തിൽ പെട്ട യുവാവിനെ പ്രണയിച്ച് ഒളിച്ചോടിയതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ തല മൊട്ടയടിച്ച കുടുംബത്തെ ഫ്രാൻസിൽ നിന്ന് നാടുകടത്തി. പെൺകുട്ടിയുടെ മാതാപിതാക്കളേയും മൂന്ന് സഹോദരങ്ങളേയും ഉൾപ്പടെയാണ് ഭരണകൂടം നാടുകടത്തിയത്. കോടതി ഉത്തരവ് പ്രകാരമാണ് നാടുകടത്തിൽ.
ബോസ്നിയൻ വംശജയും മുസ്ലീം മതവിശ്വാസിയുമായ പതിനേഴുകാരി ക്രിസ്ത്യൻ സമുദായക്കാരനായ ഇരുപതുവയസുകാരനുമായി പ്രണയത്തിലായിരുന്നു. ബന്ധം വീട്ടുകാർ ശക്തമായി എതിർത്തതോടെ ഇരുവരും ഒളിച്ചോടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇതോടെ പ്രകോപിതരായ ബന്ധുക്കൾ പെൺകുട്ടിയെ മർദ്ദിക്കുകയും, തല മൊട്ടയടിക്കുകയും, മുറിയിൽ പൂട്ടിയിടുകയും ചെയ്തു.
ഇതിനിടെ, കാമുകന്റെ വീട്ടുകാർ പരാതി നൽകിയതോടെ പോലീസ് എത്തിയാണ് തീർത്തും അവശയായ പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. പെൺകുട്ടിയെ പോലീസാണ് ആശുപത്രിയിലാക്കിയതും. പതിനേഴുകാരിയുടെ ശരീരത്തിൽ നിരവധി മുറിവുകളുമുണ്ടെന്നും വാരിയെല്ലിന് പൊട്ടലുണ്ടായെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു.
പെൺകുട്ടിയുടെ മാതാപിതാക്കളേയും അടുത്ത ബന്ധുക്കളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരാണ് തന്നെ ഉപദ്രവിച്ചതെന്നും എന്നാലിവർ തന്റെ ഉറ്റബന്ധുക്കളാണെന്ന് പെൺകുട്ടി അറിയിച്ചതോടെ കുടുംബാംഗങ്ങളുടെ ജയിൽ ശിക്ഷ ഒഴിവാക്കി നൽകുകയായിരുന്നു കോടതി. എങ്കിലും അഞ്ച് വർഷത്തേക്ക് ഫ്രാൻസിൽ നിന്ന് മാറി നിൽക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
Discussion about this post