ബീജിങ്: ലോകത്തിന് തന്നെ ആശങ്ക പകർന്ന് ചൈനീസ് ഗവേഷകരുടെ പുതിയ കണ്ടുപിടുത്തം. ഭക്ഷണ പാക്കറ്റിനു മുകളിൽ സജീവ കൊറോണവൈറസിനെ കണ്ടെത്തിയെന്ന് ചൈനീസ് ആരോഗ്യവകുപ്പ് അറിയിച്ചു. തുറമുഖ മേഖലയായ ക്വിങ്ഡോയിൽ ഇറക്കുമതി ചെയ്ത ശീതീകരിച്ച കടൽമത്സ്യത്തിന്റെ പാക്കറ്റിനു മുകളിലാണ് സജീവമായ കൊറോണ വൈറസിന്റെ സാന്നിധ്യം ഗവേഷകർ കണ്ടെത്തിയത്.
അതേസമയം, ലോകത്ത് തന്നെ ഇതാദ്യമായാണ് ഭക്ഷണ പാക്കറ്റിനു പുറത്ത് സജീവമായതും ഒറ്റപ്പെട്ടുനിൽക്കുന്നതുമായ കൊറോണ വൈറസ് സാന്നിധ്യം തിരിച്ചറിയുന്നതെന്ന് സിഡിസി (ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ) വ്യക്തമാക്കി. നഗരത്തിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട അണുബാധകളുടെ ഉറവിടം കണ്ടെത്താനായി നടത്തിയ പരിശോധനയിലാണ് പാക്കേജിനു മുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വൈറസ് സാന്നിധ്യമുള്ള പാക്കേജുമായി സമ്പർക്കത്തിൽ വരുന്നത് രോഗവ്യാപനത്തിന് കാരണമാവുന്നുവെന്ന് സിഡിസി പ്രസ്താവനയെ ഉദ്ധരിച്ച് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഈ ഭക്ഷണ പാക്കറ്റുകൾ ഏത് രാജ്യത്തുനിന്നാണ് പാക്കേജ് ഇറക്കുമതി ചെയ്തതെന്ന് സിഡിസി പ്രസ്താവനയിൽ വ്യക്തമായിക്കിയിട്ടില്ല. ക്വിങ്ഡോയിൽ അടുത്തിടെ കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടിരുന്നു. തുടർന്ന് പ്രദേശത്തെ 110 പേരിലും അധികൃതർ പരിശോധന നടത്തി. നിലവിൽ പുതിയ ക്ലസ്റ്റർ രൂപപ്പെട്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
നേരത്തെ, ശീതീകരിച്ച ചെമ്മീൻ സൂക്ഷിച്ച കണ്ടെയ്നറിനുള്ളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ചൈന ജൂലൈയിൽ ചെമ്മീൻ ഇറക്കുമതി നിരോധിച്ചിരുന്നു.
Discussion about this post