കോവിഡ് വാക്‌സിനായി ആരോഗ്യമുള്ള ചെറുപ്പക്കാര്‍ 2022 വരെ കാത്തിരിക്കണം, ആദ്യം നല്‍കുക പ്രായമായവര്‍ക്കെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ലോകത്താകമാനം പടര്‍ന്നുപിടിച്ച കോവിഡ് വൈറസ് ഭീതിയില്‍ കഴിയുകയാണ് ജനങ്ങള്‍. കോടിക്കണക്കിനാളുകള്‍ക്കാണ് ഇതിനോടകം കോവിഡ് ബാധിച്ചത്. ലക്ഷങ്ങള്‍ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തു. കോവിഡിനെ പിടിച്ചുകെട്ടാന്‍ പ്രതിരോധ മരുന്നിനായുള്ള കാത്തിരിപ്പിലാണ് ലോകജനത.

മിക്ക രാജ്യങ്ങളും മരുന്നിനായുള്ള പരീക്ഷണശാലയിലാണ്. അതിനിടെ കോവിഡ് വാക്‌സിന്‍ ലഭിക്കാന്‍ ആരോഗ്യമുള്ള ചെറുപ്പക്കാര്‍ 2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് പ്രായമുള്ളവരെയും ദുര്‍ബല വിഭാഗങ്ങളെയുമാണെന്നും ഡബ്ല്യു.എച്ച്.ഒ. മുഖ്യശാസ്ത്രജ്ഞ സൗമ്യാ സ്വാമിനാഥന്‍ പറഞ്ഞു.

കോവിഡ് പ്രതിരോധത്തിന്റെ മുന്‍നിര പ്രവര്‍ത്തകരില്‍നിന്നുമാകും ഇത് ആരംഭിക്കുന്നത്. അവിടെപ്പോലും കൂടുതല്‍ അപകടസാധ്യതയുള്ളവരെ നിര്‍ണയിക്കേണ്ടതായുണ്ട്. അവര്‍ക്കുശേഷം പ്രായം ചെന്നവര്‍ക്കാകും വാക്‌സിന്‍ നല്‍കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒട്ടേറെ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വളരെ പെട്ടെന്നുതന്നെ ഫലപ്രദമായൊരു വാക്‌സിന്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നു തന്നെയാണ് വ്യക്തമാകുന്നത്. ആളുകള്‍ ആര്‍ജിത പ്രതിരോധ ശേഷിയെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍, വാക്‌സിനെക്കുറിച്ചാണ് ആദ്യം ചിന്തിക്കേണ്ടതെന്നും 70 ശതമാനം ആളുകള്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞാലേ രോഗവ്യാപനം തടയാനാകൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version